കൊച്ചി: ക്രൗഡ് ഫണ്ടിങ് നടത്തി പണം സമാഹരിക്കുന്ന സംഭവങ്ങളിൽ സർക്കാറിന്‍റെ നിരീക്ഷണം വേണമെന്ന് ഹൈകോടതി. ആർക്കും പണം പിരിക്കാമെന്ന അവസ്ഥ ശരിയല്ലെന്നും കോടതി പറഞ്ഞു. സ്പൈനൽ മസ്കുലാർ അട്രോഫി രോഗം ബാധിച്ച കുട്ടികളുടെ ചികിത്സ സൗജന്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുേമ്പാഴായിരുന്നു കോടതിയുടെ പരാമർശം.
ചാരിറ്റി യൂട്യൂബർമാരടക്കമുള്ളവർ എന്തിനാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സമാഹരിക്കുന്നതെന്നും കോടതി ചോദിച്ചു. ചികിത്സാ സഹായത്തിനും മറ്റും പണപ്പിരിവ് നടത്തുന്ന സംഭവങ്ങളിൽ സർക്കാറിന്‍റെ നിരീക്ഷണം വേണമെന്നും കോടതി പറഞ്ഞു. പൊലീസ് ഇത്തരം സംഭവങ്ങൾ ശ്രദ്ധിക്കണമെന്നും കോടതി ചൂണ്ടികാട്ടി.
സഹായിക്കാനാഗ്രഹിക്കുന്നവരുടെ പണം ആവശ്യക്കാരിലെത്തുന്നത് തടയാനാകില്ല. അതേസമയം, ഇത്തരം പണപ്പിരിവുകൾ സംബന്ധിച്ച് വിവാദങ്ങളുണ്ട്. പിരിച്ചെടുക്കുന്ന പണം പൂർണമായും പ്രസ്തുത ആവശ്യത്തിന് ചെലവഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നില്ല. ഇത്തരം സാഹചര്യത്തിൽ സർക്കാർ നിരീക്ഷണം ആവശ്യമാണെന്നും പൊലീസിന്‍റെ ഇടപെടൽ വേണമെന്നും കോടതി ചൂണ്ടികാട്ടി.
ഒരു ഡോസ് മരുന്നിന് 18 കോടിയോളം രൂപ ചെലവു വരുന്ന എസ്.എം.എ രോഗികളായ കുട്ടികളുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. നേരത്തെ, കണ്ണൂരിലെ ഒരു കുട്ടിക്കായി ആറു ദിവസം കൊണ്ട് 18 കോടി രൂപ ക്രൗഡ് ഫണ്ടിങ്ങിലുടെ കണ്ടെത്തിയിരുന്നു. ഇതേ രോഗം ബാധിച്ച നിരവധി കുട്ടികൾ മരുന്നിന് പണം കണ്ടെത്താൻ കഴിയാതെ ദുരിതമനുഭവിക്കുന്നുണ്ട്. എന്നാൽ, ഹരജിയിലെ ആവശ്യത്തോട് സർക്കാർ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.