കൊച്ചി: വയനാട്ടിലെ എഫ്.സി കോൺവന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ച സാഹചര്യത്തിൽ കോൺവൻറിനോടു ചേർന്നുള്ള ഹോസ്റ്റൽ ഒഴിയുന്നത് സംബന്ധിച്ച് ഹൈകോടതി സിസ്റ്റർ ലൂസി കളപ്പുരയുടെ വിശദീകരണം തേടി. വത്തിക്കാൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽ തുടരാൻ സിസ്റ്റർ ലൂസിക്ക് അവകാശമില്ലെന്ന് വാക്കാൽ നിരീക്ഷിച്ച ജസ്റ്റിസ് രാജ വിജയരാഘവൻ ചൊവ്വാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഹോസ്റ്റലിൽ നിന്ന് ഒഴിയാൻ സമയം അനുവദിക്കാമെന്നും വ്യക്തമാക്കി.
പൊലീസ് സംരക്ഷണം തേടി ലൂസി കളപ്പുര നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.എവിടെ താമസിച്ചാലും അവർക്ക് സംരക്ഷണം ഒരുക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ അറിയിച്ചിരുന്നു. എഫ്.സി കോൺവന്‍റിന് പൊലീസ് നിരീക്ഷണമുണ്ടെന്നും ഹരജിക്കാരിയുടെ പരാതികളിൽ നിയമാനുസൃതം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ, തീരുമാനം പുനഃപരിശോധിക്കാൻ വത്തിക്കാന് അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ വാദം. ഇതും വത്തിക്കാൻ നിരസിച്ചതായി കോൺവന്‍റ് മദർ സുപ്പീരിയർ കോടതിയെ അറിയിച്ചു. ഹരജി വീണ്ടും ഈ മാസം ആറിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.