കൊടുങ്ങല്ലൂർ: അർധരാത്രി വീടിനും ബൈക്കിനും തീവെച്ച അക്രമികൾ പുറത്തിറങ്ങിയ യുവാവിനെ അക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചു. മതിലകം പൊലീസ് പരിധിയിലെ കോതപറമ്പിലാണ് സംഭവം. കോതപറമ്പ് ജങഷന് കിഴക്ക് കനോലി കനാൽ കടവിൽ താമസിക്കുന്ന പടയോടി ലക്ഷ്മണന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ ലക്ഷ്മണന്റെ മകൻ സിജീഷിനെ (35) കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം. ആദ്യം വീടിനും പുറത്ത് നിർത്തിയിരുന്ന ബുള്ളറ്റ് ബൈക്കിനും പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. തുടർന്നായിരുന്നു ആക്രമണം. പെട്രോളിന്റെ മണം വന്നതിനെ തുടർന്ന് വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് മുൻ വാതിലിന്റെ ഭാഗത്ത് നിന്ന് തീയും പുകയും കണ്ടത്. വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബുള്ളറ്റിനും തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വീട്ടുകാർ ഭീതിയിലായി.
തീയണക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുറത്തേക്ക് ഇറങ്ങിയ സിജിഷിന് നേരേ ആക്രമണം ഉണ്ടായത്. വീടിന് സമീപത്തെ റോഡിൽ പതുങ്ങിയിരുന്ന അക്രമികൾ സിജിഷിനെ തലക്ക് അടിച്ചുവീഴ്ത്തുകയും വടികൊണ്ട് മർദിക്കുകയും ചെയ്തു.
രക്തം വാർന്ന് ബോധംകെട്ട് റോഡിൽ കിടന്ന സിജിഷിനെ ബഹളം കേട്ട് ഓടിക്കുടിയ അയൽക്കാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ശബ്ദം കേട്ട് ആദ്യമെത്തിയ അയൽവാസി സിജിഷിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തലയും മുഖവും മറച്ച അക്രമികളിൽ ഒരാൾ വലിയ കത്തികാട്ടി ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മതിലകം പൊലീസ് അക്രമികളെ തെരെഞ്ഞെങ്കിലും കണ്ടെത്താനായില്ല. സിജിഷിന് തലയിൽ പതിനാല് തുന്നലുണ്ട്. കൈക്കും കാലുകളിലും നീരുവന്നിട്ടുമുണ്ട്.
പെട്ടെന്ന് അണക്കാൻ കഴിഞ്ഞതുകൊണ്ട് തീ വ്യാപിച്ചില്ല. എങ്കിലും വീടിനു മുൻഭാഗത്തെ ചവിട്ടികളും മറ്റും കത്തി നശിച്ചു. ഞായറാഴ്ച രാത്രി തൊട്ടുത്ത വീട്ടിലെത്തിയ അക്രമികൾ അവരെ മർദിച്ചിരുന്നുവത്രെ. ഇതേ തുടർന്ന് സിജീഷ് ഇടപ്പെട്ട് അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഇതിൽ രോഷം പൂണ്ട അക്രമിസംഘം സിജിഷിനെയും കുടുംബത്തെയും വീടിന് തീവെച്ച്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പോയതിന്റെ പിറകെയാണ് ആക്രമണം അരങ്ങേറിയത്. സിജീഷിന്റെ ഭാര്യ ഉൾപ്പെടെ നാലു പേരാണ് വീട്ടിലുണ്ടായിരുന്നത്. തീ വ്യാപിക്കും മുമ്പ് ഉറക്കമുണരാൻ കഴിഞ്ഞതുകൊണ്ടാണ് വലിയ ആപത്തിൽ നിന്ന് ഈ കുടുംബം രക്ഷപ്പെട്ടത്. പ്രദേശത്തിന്റെ സ്വൈരജീവിതത്തിന് ഭീഷണിയായ അക്രമിസംഘം മുമ്പും പലരെയും അക്രമിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.