കൊച്ചി: സിറോ മലബാര്‍ സഭ സിനഡ് വേദിയായ കാക്കനാട് മൗണ്ട് തോമസില്‍നിന്ന് എറണാകുളം ബിഷപ്സ് ഹൗസിലേക്ക് നിരാഹാര സമരം മാറ്റി അല്മായ മുന്നേറ്റം അതിരൂപത സമിതി അംഗങ്ങള്‍. ജനാഭിമുഖ കുര്‍ബാന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും സിനഡിന് നല്കിയ നിവേദനത്തിന് മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ചും വെള്ളിയാഴ്ച രാത്രി മുതലാണ് പ്രകാശ് പി. ജോണ്‍, തോമസ് കീച്ചേരി എന്നിവർ സെന്റ് തോമസിനു മുന്നില്‍ നിരാഹാരം തുടങ്ങിയത്. ഇവിടെ നടന്ന സമരത്തിനൊടുവിലാണ് നിരാഹാരത്തിലേക്ക് മാറിയത്.
ശനിയാഴ്ച വൈകീട്ടോടെ ബിഷപ്സ് ഹൗസിൽ എത്തിയ സമരനേതാക്കളെ അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയനും ഫാ. കുര്യാക്കോസ് മുണ്ടാടനും മാലയിട്ട് സ്വീകരിച്ചു. ഇതുകൂടാതെ, എറണാകുളം അങ്കമാലി രൂപത ആസ്ഥാനത്ത് ഫാ. ടോം മുള്ളഞ്ചിറയുടെ നിരാഹാരവും തുടരുകയാണ്. ആദ്യം നിരാഹാരം തുടങ്ങിയ ഫാ. ബാബു കളത്തിലിനെ വെള്ളിയാഴ്ച രാത്രി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹം ആശുപത്രിയിലും നിരാഹാരം തുടരുന്നുണ്ട്. അൽമായ മുന്നേറ്റത്തിന്റെയും വൈദികരുടെയും നിരാഹാരം ലക്ഷ്യം കാണുംവരെ തുടരാനും വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുഴുവന്‍ ഇടവകകളിലും വ്യാപിപ്പിക്കാനുമാണ് നീക്കം.
അൽമായ മുന്നേറ്റം നേതൃത്വത്തില്‍ സിനഡ് കഴിഞ്ഞ് പുറത്തേക്കുവന്ന മുഴുവന്‍ മെത്രാന്മാരെയും കരിങ്കൊടി കാണിക്കുകയും ഉപരോധിക്കുകയും ചെയ്തിരുന്നു. രാവിലെ പൊലീസ് സഹായത്തോടെ നിരാഹാര സമരപ്പന്തല്‍ പൊളിച്ചു വിശ്വാസികളുടെ പ്രതിഷേധം തകര്‍ക്കാന്‍ നോക്കിയെങ്കിലും വിശ്വാസികള്‍ വീണ്ടും പന്തല്‍ ഉണ്ടാക്കുകയും സമരം തുടരുകയും ചെയ്തു. മൗണ്ട് സെന്റ് തോമസിന് മുന്നിലെ ഉപരോധത്തിനും നിരാഹാരത്തിനും പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി.പി. ജെറാര്‍ദ്, അൽമായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍, വിജിലന് ജോണ്‍, ജോഷി തച്ചപ്പിള്ളി, ബോബി മലയില്‍ തുടങ്ങിയവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.