ഹിന്ദുത്വ വംശീയതക്കെതിരെ ജമാഅത്തെ ഇസ്‍ലാമി സംഘടിപ്പിച്ച ബഹുജന സാഹോദര്യ റാലിയും സമ്മേളനവും കോഴിക്കോട് ബീച്ച് മറൈൻ ഗ്രൗണ്ടിൽ അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്യുന്നു

വിദ്വേഷ രാഷ്ട്രീയത്തിന്‍റെ പ്രത്യാഘാതം ഗുരുതരം -സയ്യിദ് സആദത്തുല്ല ഹുസൈനി

കോഴിക്കോട്: വോട്ടുരാഷ്ട്രീയത്തിനായി ഒരു ജനവിഭാഗത്തെ ശത്രുപക്ഷത്തു നിർത്തി വെറുപ്പിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി. ഹിന്ദുത്വവംശീയതക്കെതിരെ ജമാഅത്തെ ഇസ്‍ലാമി സംഘടിപ്പിച്ച ബഹുജന റാലിയും സാഹോദര്യ സമ്മേളനവും കോഴിക്കോട് മറൈൻ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള കുറുക്കുവഴിയായി വെറുപ്പിന്‍റെയും വംശീയതയുടെയും അനീതിയുടെയും അക്രമത്തിന്‍റെയും വഴി തേടുകയാണ് ചിലർ. രാജ്യത്തെ ചില മുഖ്യമന്ത്രിമാർ വെറുപ്പ് പ്രചരിപ്പിക്കുന്നതിൽ പരസ്പരം മത്സരിക്കുന്നു. ഭയാനകമായ തീക്കളിയാണ് നടക്കുന്നത്. ഇത് നശിപ്പിക്കുക മുസ്‍ലിം സമുദായത്തെ മാത്രമല്ലെന്നും രാജ്യത്തെതന്നെയാണെന്നും ഇവർ ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുൾഡോസർ രാഷ്ട്രീയവും വ്യാപകമാവുകയാണ്. രാജ്യത്ത് ലക്ഷക്കണക്കിന് ഭൂമി കൈയേറ്റത്തിന് വിധേയമാകുന്നുണ്ടെങ്കിലും 900 വർഷം പഴക്കമുള്ള പള്ളി മാത്രം തിരഞ്ഞുപിടിച്ച് തകർക്കുന്നു. ഉത്തരാഖണ്ഡിൽ നടന്നതും ഗ്യാൻവാപി മസ്ജിദിന്‍റെ കാര്യത്തിൽ നടക്കുന്നതും ഇതാണ്. ആരാധനാലയ സംരക്ഷണ നിയമങ്ങൾ കാറ്റിൽപറത്തപ്പെടുന്നു. വിദ്വേഷ അന്തരീക്ഷം ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം സമുദായം ഇന്നലെ കാരുണ്യത്തിന്‍റെ വക്താക്കളായിരുന്നു. ഇന്നും നാളെയും അങ്ങനെത്തന്നെയായിരിക്കും. പക്ഷേ, ഭയപ്പെടുത്താൻ ശ്രമിക്കരുത്. സമുദായം ഇതിനുമുമ്പും കടുത്ത പരീക്ഷണങ്ങൾ നേരിട്ടിട്ടുണ്ട്. പരീക്ഷണങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ടതാണ് ഇസ്ലാമിക ചരിത്രമെന്നും അമീർ ഓർമിപ്പിച്ചു.

സ്വാതന്ത്ര്യം നേടിയശേഷം രാജ്യം എങ്ങനെ മുന്നോട്ടുപോകണമെന്നതിന് ഭരണഘടന വ്യക്തമായ മാർഗരേഖ നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ, വൈവിധ്യങ്ങളെ നിരാകരിക്കുന്ന ഏകാധിപത്യമാണ് ഇവിടെ നടക്കുന്നതെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ഗ്യാൻവാപി മസ്ജിദ് ഇമാം അബ്ദുൽ ബാത്വിൻ നുഅ്മാനി പറഞ്ഞു. ഗ്യാൻവാപി മസ്ജിദ് സംബന്ധിച്ച് അവാസ്തവമായ പ്രചാരണമാണ് നടക്കുന്നത്. ഇതിന്‍റെ ചരിത്രരേഖയിൽ എവിടെയും ക്ഷേത്രം തകർത്താണ് മസ്ജിദ് പണിതതെന്ന് പറയുന്നില്ല. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ ഭരണത്തിന്‍റെ അവശിഷ്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവാസ്തവം പ്രചരിപ്പിക്കുന്നത്. ആരാധനാലയ സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കിയാണ് പുതിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്. ഇതിനെതിരെ ജനാധിപത്യപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശുദ്ധ വംശീയഭ്രാന്തിലേക്കാണ് രാജ്യത്തെ പ്രധാനമന്ത്രി നയിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. ഹിന്ദുത്വ ഭീകരത സകല സീമകളും ലംഘിച്ച് ഭീഷണി ഉയർത്തുന്ന സാഹചര്യമാണ്. പ്രാണപ്രതിഷ്ഠ മതമോ വിശ്വാസമോ അല്ല, വൃത്തികെട്ട രാഷ്ട്രീയമാണ്. അവിടെ നടന്നത് പുതുയുഗപ്പിറവിയല്ല, പഴയ ജാതിവ്യവസ്ഥയിലേക്കുള്ള നാന്ദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണകൂടം രാജ്യത്തെ ചരിത്രത്തെയും നിയമസംഹിതയെയും പാരമ്പര്യത്തെയും പൂർണമായി അവഗണിച്ച് മുന്നോട്ടുപോകുമ്പോൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾ മൗനത്തിലാണ്. പ്രാണപ്രതിഷ്ഠയിൽ രാഷ്ട്രീയമില്ല എന്നു കരുതിയാൽ ഇതുസംബന്ധിച്ച നിലപാടെന്താണെന്ന് കോൺഗ്രസും സി.പി.എമ്മും വ്യക്തമാക്കണം. ബാബരി മസ്ജിദ് തകർത്തതും തുടർന്ന് ആയിരങ്ങളുടെ ജീവനെടുത്തതും പാർട്ടികൾ മറന്നോ? മതേതര രാഷ്ട്രീയ പാർട്ടികൾ ഹിന്ദുത്വ രാഷ്ട്രീയത്തെ പൊതുവത്കരിക്കുകയാണ്.

ഈ വിപത്ഘട്ടത്തിൽ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചാൽ കാലം മാപ്പുനൽകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. വംശീയ ഭീകരത താണ്ഡവമാടുമ്പോൾ പണ്ഡിതരും നേതാക്കളും ഭിന്നത വെടിഞ്ഞ് ഒരുമിച്ചുനിൽക്കണമെന്നും അമീർ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിച്ചു.

മുസ്ലിം വ്യക്തിനിയമ ബോർഡ് എക്സിക്യൂട്ടിവ് അംഗം അബ്ദുശ്ശുക്കൂര്‍ ഖാസിമി, ടെലഗ്രാഫ് ദിനപത്രം മുൻ എഡിറ്റർ ആര്‍. രാജഗോപാല്‍, ജംഇയ്യതുൽ ഉലമായേ ഹിന്ദ്‌ ജന. സെക്രട്ടറി വി.എച്ച്. അലിയാര്‍ ഖാസിമി, സാഹിത്യകാരൻ പി. സുരേന്ദ്രന്‍, മാധ്യമപ്രവർത്തകൻ എന്‍.പി. ചെക്കൂട്ടി, എഴുത്തുകാരൻ കെ.കെ. ബാബുരാജ്, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, വനിത വിഭാഗം പ്രസിഡന്റ് പി.ടി.പി. സാജിദ എന്നിവർ സംസാരിച്ചു. എം.കെ. മുഹമ്മദലി, ടി. മുഹമ്മദ് വേളം എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജമാഅത്ത് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സ്വാഗതവും ജില്ല പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

Tags:    
News Summary - The impact of hate politics is serious -Ameer Syed Sadatullah Hussaini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.