തിരുവനന്തപുരം: ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ് സർക്കാർ പരിപാടിയാക്കി ആഘോഷിക്കുന്നതാണ് ഇപ്പോൾ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മളെ എല്ലാവരേയും ആ ചടങ്ങിലേക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണിക്കുകയും ചെയ്യുന്നു. എന്നാൽ, ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് രാജ്യത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കണമെന്ന് പിണറായി പറഞ്ഞു.
ഈയൊരു അവസരം ആളുകൾക്കിടയിൽ സാഹോദര്യം വളർത്തുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാം. രാജ്യത്ത് മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെയാണ് പിണറായി വിജയന്റെ പ്രതികരണം.
യു.പിയിലെ അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് പൂർത്തിയായിരുന്നു. ഉച്ചക്ക് 11.30തോടെ ആരംഭിച്ച പ്രാണപ്രതിഷ്ഠാ ചടങ്ങ് 12.40ന് പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ യജമാനനായ ചടങ്ങിൽ കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്‍റെ മേൽനോട്ടത്തിൽ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിത് മുഖ്യ കാർമികത്വം വഹിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, വാരാണസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് എന്നിവരാണ് ക്ഷേത്ര ശ്രീകോവിലിൽ പ്രവേശിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.