കൊല്ലം: സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തിയതിനുശേഷം ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജ്മലിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഡോക്ടർ ശ്രീകുട്ടിയെ അറസ്റ്റ് ചെയ്തു. നരഹത്യാകുറ്റം ചുമത്തി ശാസ്താംകോട്ട പൊലീസ് ശ്രീകുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരിയായ കുഞ്ഞുമോളെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റിയിറക്കി കൊലപ്പെടുത്തുകയായിരുന്നു.
ഇത് ശ്രീക്കുട്ടിയുടെ നിർബന്ധപ്രകാരമാണെന്ന നാട്ടുകാരുടെ മൊഴിയിലാണ് നടപടി. ആദ്യം പ്രേരണാകുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ ശ്രീക്കുട്ടി തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്. ഇരുവരും തിരുവോണദിവസത്തിൽ സുഹൃത്തിന്റെ വീട്ടിൽ കൂടുകയും മദ്യപിക്കുകയും ചെയ്തതിനു ശേഷം തിരിച്ച് മടങ്ങുമ്പോൾ മൈനാഗപ്പള്ളി ആനൂർകാവിൽ വെച്ചായിരുന്നു സംഭവം.
ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ഡോക്ടർ ശ്രീക്കുട്ടിയെ ആശുപത്രിയിൽനിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽനിന്നാണ് പുറത്താക്കിയത്. ആശുപത്രിക്ക് കളങ്കമുണ്ടാക്കുന്ന നടപടി ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാലാണ് നടപടിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇന്നലെ വൈകുന്നേരം 5.45ഓടെയുണ്ടായ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശ്രീക്കുട്ടിയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലായത്. ഒളിവിൽ പോയ വെളുത്തമണൽ സ്വദേശി അജ്മലിനെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പിടികൂടിയത്. അജ്മൽ ചന്ദനക്കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതിയാണ്.
അതേസമയം, ക്രൂര സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ല പൊലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
പലചരക്കുകടയിൽനിന്ന് സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ റോഡിലേക്ക് ഇറങ്ങവെ തെറ്റായ ദിശയിലൂടെ വന്ന കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന കുഞ്ഞുമോളും ഫൗസിയയും റോഡിലേക്ക് തെറിച്ചുവീണു. ഒന്ന് നിർത്തിയ കാർ ഉടൻ പിന്നോട്ടെടുത്ത് വേഗത്തിൽ മുന്നോട്ടെടുത്ത് റോഡിൽ കിടക്കുകയായിരുന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി പാഞ്ഞുപോയി.
സമീപത്തുണ്ടായിരുന്നവർ വണ്ടി നിർത്താൻ അലറി വിളിച്ച് പറഞ്ഞിട്ടും കേൾക്കാതെയാണ് കാർ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയത്. ഇക്കാര്യം സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന കുഞ്ഞുമോൾ ഇന്നലെ രാത്രിയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.