കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കടയിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ നിർദ്ദേശിച്ചു. ജൂൺ 25ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് പരിഗണിക്കും. കണക്ഷനിൽ പ്രശ്നമുണ്ടെന്ന് പരാതി നൽകിയിട്ടും ബോർഡ് നടപടിയെടുത്തിരുന്നില്ല എന്ന് ആക്ഷേപമുയർന്നിരുന്നു. മഴ പെയ്തപ്പോൾ കയറി നിന്ന കടയുടെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റാണ് മുഹമ്മദ് റിജാസ് എന്ന 19കാരൻ മരിച്ചത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.
മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വകുപ്പ് ധനസഹായത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് കൈമാറുക.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിൽ എ.ഡബ്ല്യു.എച്ച് റോഡ് ജങ്‌ഷനു സമീപമാണ് അപകടം. കിണാശ്ശേരിയിൽനിന്ന് ഹോട്ടലിൽ ജോലി കഴിഞ്ഞുവരുന്നതിനിടെ വഴിയിൽ ബൈക്ക് കേടാവുകയായിരുന്നു. തുടർന്ന്, വീട്ടിലേക്ക് പോകാൻ സഹോദരനെ വിളിച്ചുവരുത്തി. ശക്തമായ മഴയായതിനാൽ, കേടായ ബൈക്ക് സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറ്റി നിർത്തുന്നതിനിടെയാണ് അപകടം.
ബൈക്ക് നിർത്തുന്നതിനിടെ ചരിഞ്ഞപ്പോൾ മേൽക്കൂരയുടെ തൂണിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ഷോക്കേറ്റ് വീണ റിജാസിനെ സഹോദരനും അതുവഴി വന്ന യാത്രക്കാരനും ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലുമാണ് സമീപത്തെ മരത്തിന്റെ കൊമ്പ് വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞു തൂങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.