പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം- വി.ഡി. സതീശൻ

തിരുവനന്തപുരം: അരീക്കോട് സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാമ്പിലെ ഗ്രൂപ്പ് കമാന്‍ഡോയുടെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്, നേതാവ് വി.ഡി. സതീശൻ. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി വിനീത് ജീവനൊടുക്കിയത് അത്യന്തം വേദനാജനകവും സേനയുടെ ആത്മവീര്യം കെടുത്തുന്നതുമാണ്.

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. ഇതു വ്യക്തമാക്കി വിനീത് അയച്ച സന്ദേശങ്ങളും മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഏറ്റവും അവസാനമായി അവധി നിഷേധിച്ചതാണ് വിനീതിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അവധിക്ക് മൂന്നു തവണ അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാത്തത് മനുഷ്യത്വരഹിതമാണ്.

നിയമവും നീതിയും നടപ്പാക്കേണ്ട പൊലീസ് സേനയില്‍ ആത്മഹത്യ നിത്യസംഭവമായി മാറിയിരിക്കുകയാണ്. അമിത ജോലിഭാരം പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയമായി അവതരിപ്പിച്ചതുമാണ്. നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് വിനീതിന്റെ ആത്മഹത്യ.

പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പൊലീസ് സേനാംഗങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടാതിരിക്കാനുള്ള പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പും തയാറാകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Police officer's suicide: High-level investigation should be conducted and action should be taken against the culprits- V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.