ചോദ്യപേപ്പർ ചോർച്ചയിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഒരു മാസത്തിനകം ​അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ഇതിനായി ആറംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഇതിനൊപ്പം പൊലീസിന്റെ അന്വേഷണവും നടക്കും.

ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി ചോർച്ച ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും.അന്വേഷണസമിതി പ്രൈവറ്റ് ട്യൂഷൻ സെന്ററുകളിൽ സർക്കാർ സ്കൂൾ അധ്യാപകർ പഠിപ്പിക്കുന്നുണ്ടോയെന്നതും പരിശോധിക്കും.

നേരത്തെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്.വിദ്യാഭ്യാസ വകുപ്പ് നൽകിയ പരാതി ഡി.ജി.പി ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. സ്വകാര്യ ട്യൂഷൻ സെന്‍ററുകളെ സഹായിക്കുന്നതിന് വേണ്ടി അധ്യാപകരുടെ ഭാഗത്ത് നിന്നാണ് ഗുരുതര വീഴ്ചയുണ്ടായത് എന്നതാണ് പ്രാഥമിക നിഗമനം. പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ്‌ ഇംഗ്ലീഷ്‌ പരീക്ഷയുടെയും ചോദ്യങ്ങളാണ് സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ ചോർന്നത്.

പരീക്ഷയുടെ തലേന്ന്‌ ക്രിസ്മസ്‌ അർധവാർഷികയുടെ ചോദ്യങ്ങളുടെ മാതൃകയാണ് പുറത്തുവന്നത്‌. എന്നാൽ ചോദ്യങ്ങളുടെ ക്രമം പോലും തെറ്റാതെയാണ് സ്വകാര്യ ഓൺലൈൻ ട്യൂഷൻ ചാനലിൽ ചർച്ച ചെയ്തത്. വ്യാഴാഴ്ചയായിരുന്നു പ്ലസ്‌ വൺ കണക്ക് പരീക്ഷ. പരീക്ഷക്കുവന്ന 23 മാർക്കിന്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി തന്നെ‌ സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നു. കുട്ടികൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോദിച്ചതാണ് അധ്യാപകർക്ക് സംശയം ഉണ്ടാക്കിയത്. പരീക്ഷാത്തലേന്ന് ചേദ്യങ്ങൾ ചോർന്നതിൽ ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും.

Tags:    
News Summary - V Sivankutty press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.