കൊച്ചി: നടൻ ദിലീപടക്കം പ്രതിയായ കേസിൽ വിചാരണ കോടതിക്കും സർക്കാറിനുമെതിരെ ആരോപണങ്ങളുന്നയിച്ച് പീഡനത്തിനിരയായ നടി നൽകിയ ഹരജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പിന്മാറി. തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാൻ ഉന്നതരായ ചില രാഷ്ട്രീയക്കാർ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടുന്ന ഹരജിയാണ് സിംഗിൾ ബെഞ്ചിന്‍റെ പരിഗണനക്കെത്തിയത്.
നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആരോ അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്നും അതിന്‍റെ ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ച് ഫോറൻസിക് ലാബ് അധികൃതർ റിപ്പോർട്ട് നൽകിയിട്ടും വിചാരണ കോടതി നടപടി സ്വീകരിച്ചില്ലെന്നുമാരോപിച്ചാണ് ഹരജി.
ഈ കേസിൽ ദൃശ്യങ്ങൾ അങ്കമാലി കോടതിയിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിൽ നൽകുമ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്തായിരുന്നു പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി. കേസ് ഫയലിൽ സ്വീകരിച്ച് വിചാരണക്ക് നടപടിയെടുത്തതും അദ്ദേഹമായിരുന്നു.
ക്രിമിനൽ നടപടി ചട്ട പ്രകാരം അദ്ദേഹത്തിന് വീണ്ടും ഈ കേസ് കേൾക്കാനാവില്ലെന്നും ബെഞ്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരി ഹൈകോടതി ഭരണവിഭാഗത്തിന് അപേക്ഷ നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെ ഹരജി പരിഗണനക്ക് വന്നപ്പോൾ അഭിഭാഷകയും ഇക്കാര്യം വ്യക്തമാക്കി. തുടർന്നാണ് ബെഞ്ച് കേസ് പരിഗണിക്കുന്നതിൽനിന്ന് പിൻമാറുന്നതായി അറിയിച്ചത്. ഹരജി ബുധനാഴ്ച ജസ്റ്റിസ് സിയാദ് റഹ്മാൻ മുമ്പാകെ പരിഗണനക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.