തൊടുപുഴ: ഭൂരഹിതർക്കു നൽകാൻ ഭൂമിയില്ലെന്ന് ഹൈകോടതിയിൽ നിരന്തരം ഉന്നയിക്കുന്ന സംസ്ഥാന സർക്കാർ മൂന്നാറിൽ ടാറ്റക്ക് സൗജന്യമായി അനുവദിച്ചത് 34,219.48 ഏക്കർ. ഇതു നിയമവിരുദ്ധമാണെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് 2014ൽ സർവേ ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ ഒമ്പതു വർഷം കഴിഞ്ഞിട്ടും നടപടിയില്ല. 1971ലെ കെ.ഡി.എച്ച് റിസംപ്ഷൻ ഓഫ് ലാൻഡ് ആക്ട് പ്രകാരം സർക്കാറിൽ നിക്ഷിപ്തമാകേണ്ട ഭൂമി അന്നത്തെ ലാൻഡ് ബോർഡ് മേധാവി കെ.സി. ശങ്കരനാരായണൻ കെ.ഡി.എച്ച് നിയമത്തിന്റെ അന്തഃസത്തക്കു വിപരീതമായി കണ്ണൻ ദേവൻ കമ്പനിക്കു തിരിച്ചു നൽകി.
ഇത് പുനഃപരിശോധിക്കണമെന്നും തിരിച്ചെടുക്കണമെന്നുമാണ് സർവേ ലാൻഡ് റെക്കോഡ്സ് വകുപ്പിലെ വിജിലൻസ് ഓഫിസറുടെ ചുമതല കൂടിയുണ്ടായിരുന്ന ഡയറക്ടർ ബിജു പ്രഭാകർ 2014ൽ സർക്കാറിനോട് ശിപാർശ ചെയ്തത്. മൂന്നാറിൽ ടാറ്റ കണ്ണൻ ദേവൻ ഹിൽസ് (കെ.ഡി.എച്ച്) 1,37,750 ഏക്കർ കൈവശം വെച്ചിട്ടുണ്ടെന്ന് ഡയറക്ടർ ഓഫ് സർവേ റെക്കോഡ്സിന്റെ 2014 സെപ്റ്റംബർ 24ലെ ബി2/9619/14 കത്തിൽ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയെ അറിയിച്ചു. വില്ലേജുകളുടെ അതിർത്തിക്കല്ലുകൾ തന്നെ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന ആരോപണത്തിന്റെ വെളിച്ചത്തിൽ കെ.ഡി.എച്ച് വില്ലേജും അതിർത്തി പങ്കിടുന്ന മറ്റു വില്ലേജുകളും സർവേ ചെയ്യണം. മൂന്നാറിൽ ഏകദേശം ഒന്നര ലക്ഷം ഏക്കർ സ്ഥലം സർവേ ചെയ്യണമെന്നാണ് റിപ്പോർട്ടിലുള്ളത്.
കൃഷിക്കും തേയില സംസ്കരണത്തിനും വിപണനത്തിനുമായി കണ്ണൻദേവൻ ഹിൽ പ്രൊഡ്യൂസിങ് കമ്പനിക്ക് 23570.95 ഏക്കർ സ്ഥലമാണുള്ളത്. തേയിലത്തോട്ടത്തിനു പുറത്ത് കുറച്ചുകൂടി ഭൂമി ലഭ്യമാക്കേണ്ടതുണ്ടെന്ന് 1971ലെ കെ.ഡി.എച്ച് നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ പഴുതുപയോഗിച്ചാണ് ടാറ്റക്കായി ലാൻഡ് ബോർഡ് 34,219.48 ഏക്കർ നീക്കിവെച്ചത്. തേയിലത്തോട്ടത്തിന്റെ ഒന്നര ഇരട്ടി ഭൂമിയാണ് നൽകിയത്. ഇത് നിയമവിരുദ്ധവും അഴിമതിയുമാണെന്ന് ബിജു പ്രഭാകർ സർക്കാറിനെ അറിയിച്ചിരുന്നു. വയനാട്ടിലും തിരുവനന്തപുരത്തും ഇടുക്കി ജില്ലയിലെ മറ്റു പ്രദേശങ്ങളിലും തേയിലത്തോട്ടങ്ങളുടെ അനുബന്ധ പ്രവർത്തനങ്ങൾക്ക് വിസ്തൃതിയുടെ 20 ശതമാനത്തിൽ താഴെ മാത്രം ഭൂമിയാണ് അനുവദിക്കാറ്. കണ്ണൻ ദേവൻ കമ്പനിക്ക് 6750 കന്നുകാലികളെ മേയ്ക്കാൻ 1220.77 ഏക്കർഭൂമിയും ലാൻഡ് ബോർഡ് നൽകിയിട്ടുണ്ട്. 600 കോടി വിലമതിക്കുന്ന ഭൂമിയാണിത്. ചെങ്ങറ സമരക്കാർ ഉൾപ്പെടെ 14200ഓളം വരുന്ന ആദിവാസികൾക്ക് കിടപ്പാടമൊരുക്കാൻ സംസ്ഥാനത്ത് ഭൂമി ലഭിക്കാനില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകുന്ന കാലഘട്ടത്തിൽ ടാറ്റയുടെ കന്നുകാലികൾക്ക് മേയാനായി 1220.77 ഏക്കർ ഭൂമി നൽകിയതിൽ എന്തുന്യായമെന്നും ബിജു പ്രഭാകർ റിപ്പോർട്ടിൽ ചോദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.