ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽനിന്ന് കോടികൾ കവർന്ന സംഘത്തിലെ പ്രധാന പ്രതിയെ ബംഗളൂരുവിൽനിന്ന് പിടികൂടി. കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസാണ് (46) എറണാകുളം റൂറൽ പൊലീസിെൻറ പിടിയിലായത്. സംസ്ഥാനത്തുനിന്ന് സംഘം രണ്ടു മാസത്തിനിടെ ഒന്നരക്കോടിയിലേറെ രൂപയാണ് തട്ടിയത്. മൂവാറ്റുപുഴ സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് മാത്രം നഷ്ടപ്പെട്ടത് 85 ലക്ഷമാണെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
തൃശൂരിൽ മൂന്നുപേരുടെ അക്കൗണ്ടുകളിൽനിന്നായി 83.75 ലക്ഷം തട്ടി. ഓൺലൈനുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുകയാണ് സംഘം ആദ്യം ചെയ്യുന്നത്. ഇതിൽനിന്ന് യൂസർ ഐഡിയും പാസ് വേഡും സ്വന്തമാക്കും. തുടർന്ന് ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ ശേഖരിക്കുകയാണ് ലക്ഷ്യം. അതിനായി സംഘത്തിലെ ഒരാൾ കേരളത്തിൽവന്ന് വ്യാജ ആധാർ കാർഡും വോട്ടേഴ്സ് ഐ.ഡിയും നിർമിച്ച് മൊബൈൽ കമ്പനികളിൽനിന്ന് അക്കൗണ്ടുകാരുടെ ഡ്യൂപ്ലിക്കേറ്റ് സിം കരസ്ഥമാക്കും. ഈ സിമ്മിലേക്ക് ഒ.ടി.പി വരുത്തി അക്കൗണ്ടിലുള്ള തുക കവരുകയാണ് ചെയ്യുന്നത്.
യഥാർഥ സിം ഉള്ളയാൾ സിം ബ്ലോക്കായി കിടക്കുന്നതിനാൽ ബാങ്കിൽനിന്ന് വരുന്ന സന്ദേശം അറിയില്ല. മൂവാറ്റുപുഴ സ്വദേശിയുടെ ഡ്യൂപ്ലിക്കേറ്റ് സിം തിരുവനന്തപുരത്തെ ബി.എസ്.എൻ.എല്ലിെൻറ രണ്ട് ഓഫിസുകൾ വഴിയാണ് വാങ്ങിയത്. അഞ്ച്ദിവസമായാണ് 85 ലക്ഷം പിൻവലിച്ചത്. പണം പോയത് കൊൽക്കത്തയിലെ നാല് ബാങ്ക് അക്കൗണ്ടിലേക്കും. തൃശൂർ സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് പണം എടുത്തത് ആലുവയിലെ മൊബൈൽ കടയിൽനിന്ന് കരസ്ഥമാക്കിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് വഴിയാണ്. ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ സംഘം ബംഗളൂരുവിൽ വലിയൊരു ഓപറേഷന് തയാറെടുക്കുകയായിരുന്നു. സൈബർ സി.ഐ കെ.ജി. ഗോപകുമാറിനാണ് അന്വേഷണ ച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.