ഗവർണർ ഒപ്പുവെക്കരുതായിരുന്നു, ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ മതത്തിന്റെ പേരിൽ അക്രമിച്ചു -കെ.സുരേന്ദ്രൻ

ലോകായുക്ത ഭേദഗതിയിലൂടെ സംസ്ഥാന സർക്കാർ അഴിമതിക്ക് കളമൊരുക്കിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടത് സർക്കാരിന്റെ അമിതാധികാര പ്രയോഗത്തെ അംഗീകരിക്കാൻ ബി.ജെ.പി സാധിക്കില്ല.

ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാതെ മടക്കി അയച്ചിരുന്നെങ്കിലും സർക്കാർ വീണ്ടും അയച്ചാൽ രണ്ടാമത്തെ തവണ അദ്ദേഹത്തിന് ഒപ്പുവെക്കേണ്ടി വരുമായിരുന്നു. എങ്കിലും കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ ആദ്യത്തെ തവണ ഗവർണർക്ക് ഭരണഘടനാ വിരുദ്ധ ഓർഡിനൻസിൽ ഒപ്പുവെക്കാതിരിക്കാമായിരുന്നു. സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നടപടിയെ രാഷ്ട്രീയമായും നിയമപരമായും ബി.ജെ.പി നേരിടും.

ഭരണഘടനാ സ്ഥാപനങ്ങളെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ അഴിമതി വിരുദ്ധ സ്ഥാപനത്തെ തകർക്കുക വഴി വൻതോതിൽ തട്ടിപ്പ് നടത്തുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. ഇത് മനസിലാക്കിയതു കൊണ്ടാണ് സി.പി.ഐ പോലും ഓർഡിനൻസിനെ എതിർത്തത്.

എന്നാൽ സി.പി.ഐയെ പിണറായി വിജയൻ വിലയ്ക്കെടുത്ത് കഴിഞ്ഞു. ലോകായുക്തയുടെ അഴിമതി കേസുകളിൽ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ ഓർഡിനൻസെന്ന് പകൽ പോലെ വ്യക്തമാണ്. ജുഡീഷ്യറിയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് സർക്കാരിന്റെ നടപടിയെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കെടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ മതത്തിന്റെ പേരിൽ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതും സി.പി.എമ്മിന്റെ തന്ത്രമായിരുന്നു. സർക്കാരിന്റെ പ്രധാന ലക്ഷ്യം അഴിമതി നടത്തുകയാണെന്ന് ജനങ്ങൾക്ക് ബോധ്യമായതായും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - The Lokayukta Amendment Ordinance was not to be signed by the Governor -k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.