കൊച്ചി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു. ഡെക്ക് കേഡറ്റ് തൃശൂർ വെളുത്തൂർ സ്വദേശി പുതുമന വീട്ടിൽ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകളായ ആന്റസ ജോസഫിനെയാണ് മോചിപ്പിച്ചത്. കൊച്ചി വിമാനത്താവളത്തിൽ എത്തിയ ആന്റസയെ കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ സ്വീകരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് മോചന വിവരം എക്സിലൂടെ അറിയിച്ചത്. മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ സുരക്ഷിതരാണെന്നും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ തിരികെ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഏക വനിതയായിരുന്നു ആന്റസ. ഒരു വർഷം മുമ്പാണ് മുംബൈയിലെ എം.എസ്.സി ഷിപ്പിങ് കമ്പനിയിൽ ആന്റസ ജോലിക്ക് പ്രവേശിച്ചത്. ട്രെയിനിങ്ങിന്റെ ഭാഗമായി ഒമ്പത് മാസം മുമ്പാണ് പോർചുഗൽ കപ്പലിൽ എത്തിയത്. ഇസ്രായേലീ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന് കീഴിലുള്ളതാണ് കപ്പൽ. ഇറ്റാലിയൻ-സ്വിസ് ഷിപ്പിങ് കമ്പനി എം.എസ്.സിയാണ് നിലവിൽ സർവീസ് നടത്തുന്നത്. യു.എ.ഇയിലെ തുറമുഖത്തു നിന്ന് ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ടതായിരുന്നു കപ്പൽ.
തൃശൂർ സ്വദേശികളായ ബിജുവും കുടുംബവും ഏപ്രിൽ 13ന് കോട്ടയം വാഴൂർ പഞ്ചായത്തിലെ കൊടുങ്ങൂരിന് സമീപം കാപ്പുകാട്ട് പുതുമന വീട്ടിൽ താമസത്തിനെത്തിയത്. ഇങ്ങോട്ടുള്ള യാത്രാമധ്യേയാണ് കപ്പൽ പിടിച്ചെടുത്ത വിവരം കുടുംബം അറിയുന്നത്. അടുത്ത ദിവസം ആന്റസ കൊടുങ്ങൂരിലെ വീട്ടിലേക്ക് എത്താനിരിക്കെയാണ് സംഭവം.
പോർചുഗൽ പതാക വഹിച്ച കപ്പലിലെ 25 ജീവനക്കാരിൽ നാല് മലയാളികളടക്കം 17 പേർ ഇന്ത്യക്കാരായിരുന്നു. സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി. ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാംനാഥ് (31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്. സുമേഷ് (31) എന്നിവരാണ് മറ്റ് മലയാളികൾ.
ഏപ്രിൽ 13നാണ് പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാക്കി ഹുർമുസ് കടലിടുക്കിൽ ഇസ്രായേൽ ബന്ധമുള്ള കപ്പൽ ഇറാൻ നാവിക സേന പിടിച്ചെടുത്തത്. യു.എ.ഇയിലെ ഫുജൈറയിൽ നിന്ന് 50 നോട്ടിക്കൽ മൈൽ (92 കിലോമീറ്റർ) അകലെയാണ് എം.എസ്.സി ഏരീസ് എന്ന കപ്പൽ ഇറാൻ റവലൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. സിറിയയിലെ ഇറാൻ കോൺസുലേറ്റിൽ ഇസ്രായേൽ ആക്രമണം നടത്തിയതിലുള്ള ഇറാന്‍റെ തിരിച്ചടിയായിരുന്നു കപ്പൽ പിടിച്ചെടുക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.