കൊച്ചി: സംസ്ഥാന ജല അതോറിറ്റിക്ക് കീഴിലെ കുടിവെള്ള പദ്ധതികളുടെയും പൈപ്പ് ലൈനുകളുടെയും അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്തുന്ന കരാറുകാർക്ക് സർക്കാർ നൽകാനുള്ളത് 200 കോടിയോളം രൂപ. ഒന്നരവർഷത്തിനിടെ നടത്തിയ ജോലികൾക്ക് ഒരുരൂപ പോലും കരാറുകാർക്ക് കിട്ടിയിട്ടില്ല.
ഒരുവർഷത്തിനകം കുടിശ്ശിക പൂർണമായി തീർക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ വകുപ്പ് മന്ത്രി നൽകിയ ഉറപ്പും പാഴായി. കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് ആയിരത്തിലധികം കരാറുകാരും ഇവരുടെ കീഴിൽ ആറായിരത്തോളം തൊഴിലാളികളുമാണുള്ളത്. കഴിഞ്ഞ ഒന്നരവർഷമായി കൈയിൽനിന്ന് പണമെടുത്താണ് ഇവർ ജോലികൾ പൂർത്തിയാക്കുന്നത്. ടെൻഡറിൽ പറയുന്നവക്ക് പുറമെ അടിയന്തര ജോലികളും ഈ കരാറുകാരെ ഉപയോഗിച്ച് നടത്താറുണ്ട്. ഇതാണ് കുടിശ്ശിക തുക ഉയരാൻ കാരണം.
ആറ് മാസത്തിലധികം കുടിശ്ശിക വന്നാൽ പിടിച്ചുനിൽക്കാനാവില്ലെന്നാണ് കരാറുകാർ പറയുന്നത്. ഇത്രയും വലിയ തുക കുടിശ്ശികയാകുന്നതും ആദ്യമാണ്. സമരത്തിലേക്ക് നീങ്ങുമ്പോൾ ഒന്നോ രണ്ടോ മാസത്തെ കുടിശ്ശിക തീർത്ത് അനുനയിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ സമരം നടത്തിയെങ്കിലും ഒരുവർഷത്തിനകം കുടിശ്ശിക പൂർണമായി തീർക്കുമെന്ന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പിൽ കരാറുകാർ പിന്മാറുകയായിരുന്നു. എന്നാൽ, ഇത്തവണ ഓണമെത്തിയിട്ടും കുടിശ്ശിക തീർക്കാൻ നടപടിയില്ല. ഉടൻ പണം കിട്ടുമെന്ന പ്രതീക്ഷയിൽ പലിശക്ക് പണമെടുത്ത് ജോലികൾ തീർത്ത പല കരാറുകാരും വൻ കടക്കെണിയിലുമാണ്.
2021 ഡിസംബറിൽ നടത്തിയ അറ്റകുറ്റപ്പണിയുടെ തുക ഒരുമാസം മുമ്പാണ് ലഭിച്ചത്. വെള്ളക്കരം വർധിപ്പിച്ചതിലൂടെ ലഭിക്കുന്ന അധിക വരുമാനം കുടിശ്ശിക തീർക്കാൻ ഉപയോഗിക്കുമെന്ന് കരാറുകാരുമായുള്ള ചർച്ചയിൽ മന്ത്രി അറിയിച്ചിരുന്നു. എന്നാൽ, ശമ്പളവും പെൻഷനും നൽകാൻ വകമാറ്റിയ ഫണ്ട് നികത്താനാണ് ഇപ്പോൾ ഈ വരുമാനം ഉപയോഗിക്കുന്നതെന്ന് പറയുന്നു.
കുടിശ്ശിക തീർക്കാത്തപക്ഷം വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് വാട്ടർ അതോറിറ്റി കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളിയും ട്രഷറർ ശ്രീജിത് ലാലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.