കുഞ്ഞിനു പിന്നാലെ അമ്മയും മരിച്ചു, ചികിത്സാ പിഴവിന് ​ഡോക്ടർമാർക്കെതിരെ കേസ്; പാലക്കാട് തങ്കം ആശുപത്രിയിൽ സംഘർഷം

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ ​പ്രസവശേഷം ആരോഗ്യസ്ഥിതി വഷളായ യുവതി മരിച്ചു. തത്തമംഗലം സ്വദേശി 23കാരി ഐശ്വര്യയാണ് ഇന്ന് രാവിലെ 10ഓടുകൂടി മരിച്ചത്. ഐശ്വര്യയുടെ കുഞ്ഞ് പ്രസവിച്ച ഉടൻ മരിച്ചിരുന്നു.

തുടർന്ന് ചികിത്സാ പിഴവ് ഉണ്ടായെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബന്ധുക്കളുടെ പരാതിയിൽ ചികിത്സാപിഴവിന് ഡോക്ടർക്കെതിരെ ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്.

പ്രസവിച്ച ഉടൻ കുഞ്ഞ് മരിച്ചെന്ന് ബന്ധുക്കളെ അറിയിക്കുകയും കുഞ്ഞിനെ കാണിച്ചുകൊടുക്കുകയും ചെയ്തെങ്കിലും ബന്ധുക്കളുടെ അനുമതിയില്ലാതെ ആശുപത്രി അധികൃതർ മൃതദേഹം മറവ് ചെയ്തിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. അതിനിടെയാണ് മാതാവും മരിച്ചത്.

ജൂൺ 29നാണ് പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചത്. ആ സമയത്ത് ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. വേദന ഉണ്ടാകാത്തതിനെ തുടർന്ന് മൂന്ന് ദിവസം മരുന്നുവെച്ചുവെന്നും പ്രസവം നടക്കാത്തിനാൽ സീസേറയിൻ ആവശ്യപ്പെട്ടിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ സാധാരണ പ്രസവം തന്നെ നോക്കാമെന്ന് ആശുപത്രി അധികൃതർ പറയുകയായിരുന്നു. ജൂലൈ രണ്ടിനാണ് പ്രസവിച്ചത്.

പ്രസവിച്ചശേഷം കുട്ടി കരയുന്നില്ല ശിശുരോഗ വിദഗ്ധനെ കാണിക്കണമെന്നാണ് ആദ്യം അറിയിച്ചത്. ആ സമയം ഐശ്വര്യക്ക് കുഴപ്പമില്ലെന്നായിരുന്നു പറഞ്ഞത്. പിന്നീട് കുട്ടിക്ക് പൾസ് ഇല്ലെന്നും മരിച്ചുവെന്നും പറഞ്ഞു. മൃതദേഹം ആവശ്യപ്പെട്ടപ്പോൾ മറവ് ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് ബന്ധു പറഞ്ഞു.

സാധാരണ പ്രസവം കഴിഞ്ഞ യുവതിയെ ബന്ധുക്കളെ കാണാൻ അനുവദിക്കാത്തത് ചോദിച്ചപ്പോഴാണ് അവർക്ക് ബ്ലീഡിങ് ഉണ്ടെന്നും ആരോഗ്യ സ്ഥിതി മോശമാണെന്നും അറിയിച്ചത്. പിന്നീട് ബ്ലീഡിങ് നിൽക്കാൻ തുറന്ന ശസ്ത്രക്രിയ നടത്തണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്താൻ അനുമതി നൽകി. പിന്നീട് ഡോക്ടർ പറഞ്ഞത് ഗർഭപാത്രം എടുത്തുകളേയേണ്ടിവരുമെന്നാണ്. അതിന് തങ്ങൾ അനുമതി നൽകും മുമ്പ് തന്നെ എടുത്തുമാറ്റിയതായും ഡോക്ടർ പറഞ്ഞു. ഐശ്വര്യയെ കാണാൻ അനുവദിച്ചില്ല. പിന്നീട് അറിയുന്നത് മരണവാർത്തയാണെന്നും ബന്ധുക്കൾ ആരോപിച്ചു.

ഇവരെ ഒമ്പതുമാസവും തുടർച്ചയായി പരിശോധിച്ചിരുന്ന രണ്ടു ഡോക്ടർമാരും ​പ്രസവസമയത്ത് ഉണ്ടായിരുന്നില്ലെന്നും പുതിയ ഡോക്ടറാണ് പ്രസവമെടുത്തതെന്നും ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ ആരോഗയ സ്ഥിതി സംബന്ധിച്ച് ഒരു വിവരവും ആശുപത്രി അധികംതർ നൽകിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ ആശുപത്രി പരിസരത്ത് പ്രതിഷേധിക്കുകയാണ്. ആശുപത്രി അധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല.

ചികിത്സാ പിഴവിന് കേസെടുത്തതിനാൽ തന്നെ കുറച്ച് നടപടിക്രമങ്ങൾ പാലിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു. രോഗിയെ ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടർമാർക്കും പ്രസവം കൈകാര്യം ചെയ്ത ഡോക്ടർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഐശ്വര്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തും.

Tags:    
News Summary - The mother also died after the child; Clash in private hospital in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.