സുൽത്താൻ ബത്തേരി (വയനാട്): സുൽത്താൻ ബത്തേരി താലൂക്കിലെ ചീരാൽ വില്ലേജിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള നടപടികളുമായി വനം വകുപ്പ് മുന്നോട്ട്.
ജനവാസ കേന്ദ്രങ്ങളിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചീരാൽ വില്ലേജിലെ മദ്റസകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ല കലക്ടർ എ. ഗീത അവധി പ്രഖ്യാപിച്ചു. കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം മൂന്നു ഗ്രൂപ്പായി തിരിഞ്ഞ് തിരച്ചിൽ ആരംഭിച്ചു.
കടുവയെ പിടികൂടാൻ ചീരാൽ വില്ലേജിലെ വിവിധ പ്രദേശങ്ങളിലായി മൂന്നു കൂടുകളാണ് സ്ഥാപിച്ചത്. കൂട് സ്ഥാപിച്ച് ദിവസങ്ങളായിട്ടും കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് മയക്കുവെടി സംഘം സ്ഥലത്തെത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പശുക്കളെയാണ് കടുവ കൊന്നത്.
വ്യാഴാഴ്ച രാത്രിയും രണ്ടു പശുക്കളെ ആക്രമിച്ചു. കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ചീരാൽ വനം ഓഫിസിലേക്ക് ജനകീയ സമിതി നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.