കൽപറ്റ: പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പിന് പുതിയ മന്ത്രി ചുമതലയേറ്റതുപോലും അറിയാതെ ഔദ്യോഗിക വെബ്സൈറ്റ്. പുതിയ മന്ത്രിയായി വയനാട്ടുകാരനായ ഒ.ആർ കേളു സത്യപ്രതിജ്ഞ ചെയ്തത് കഴിഞ്ഞ ജൂൺ 23നാണ്. എന്നാൽ വകുപ്പിന്റെ ‘ഉന്നതി’ പദ്ധതിയുടെ unnathikerala.org എന്ന വെബ്സൈറ്റിൽ ഇപ്പോഴും മന്ത്രി സ്ഥാനത്ത് മുൻമന്ത്രി കെ. രാധാകൃഷ്ണനാണ്.
അദ്ദേഹത്തിന്റെ ഫോട്ടോയും പേരുമാണ് സൈറ്റിലുള്ളത്. വകുപ്പിന്റെ വികസന-വിദ്യാഭ്യാസ ക്ഷേമപ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യവുമായാണ് 2022ൽ ‘ഉന്നതി’ രൂപവത്കരിച്ചത്. 2023 ആഗസ്റ്റിൽ പ്രത്യേക വെബ്സൈറ്റും തുടങ്ങി. പിന്നാക്കവിഭാഗം വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ, പരിശീലനം, സംരംഭകത്വ അവസരങ്ങൾ തുടങ്ങിയവക്കായുള്ള പ്രധാന വെബ്സൈറ്റിലാണ് തെറ്റുകളുടെ കൂമ്പാരമുള്ളത്.
വകുപ്പ് മന്ത്രിയെന്ന നിലയിൽ ഒ.ആർ കേളുവാണ് ഉന്നതിയുടെ ചെയർമാൻ. എന്നാൽ മുൻ മന്ത്രി കെ.രാധാകൃഷ്ണന്റെ ഫോട്ടോയാണ് ചെയർമാൻ എന്ന നിലയിലും വെബ്സൈറ്റിലെ ‘ഗവേണിങ്-ബോഡി’ എന്ന വിൻഡോയിലുമുള്ളത്.
വെബ്സൈറ്റ് പ്രകാരം വകുപ്പിന്റെ ഡയറക്ടർ സ്ഥാനത്ത് ഇപ്പോഴും ഡി.ആർ. മേഘശ്രീ ഐ.എ.എസിന്റെ ഫോട്ടോയും പേരുമാണുള്ളത്. ഡയറക്ടർ ആയിരുന്ന മേഘശ്രീ നിലവിൽ വയനാട് ജില്ല കലക്ടറാണ്. മുൻ വയനാട് കലക്ടറായ രേണുരാജാണ് വകുപ്പിന്റെ പുതിയ ഡയറക്ടർ എന്ന വിവരവും വെബ്സൈറ്റ് ഇതുവരെ അറിഞ്ഞിട്ടില്ല. വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിനെ ഈ സ്ഥാനത്ത് നിന്ന് മാറ്റിയിട്ട് നാലുമാസമായി. എന്നാൽ ഇദ്ദേഹത്തിന്റെ ഫോട്ടോയും പേരുമാണ് ഇപ്പോഴും സൈറ്റിലുള്ളത്.
ഉന്നതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ഏത് വിവരങ്ങൾക്കും വിളിക്കാമെന്ന് പറഞ്ഞ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറും തെറ്റാണ്. ഇതിലുള്ള 0471 2518274 എന്ന ഫോൺ നമ്പറിൽ വിളിച്ചാൽ തിരുവനന്തപുരത്തെ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ ഓഫിസിലാണ് കിട്ടുക. തങ്ങൾക്ക് ദിനേനെ ഇത്തരത്തിൽ നിരവധി തെറ്റായ കോളുകളാണ് കിട്ടുന്നതെന്നും നമ്പർ മാറ്റി നൽകണമെന്ന് പട്ടികജാതി വകുപ്പിനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും രക്ഷയില്ലെന്നുമാണ് കൃഷി വകുപ്പ് ഓഫിസ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.