പാലേരി (കോഴിക്കോട്): കുറ്റ്യാടി പുഴയിൽ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ചവറം മൂഴി ഭാഗത്ത് കുരിശു പള്ളിക്ക് സമീപം നവവരൻ മുങ്ങിമരിച്ചു. കടിയങ്ങാട് കുളക്കണ്ടം പഴുപ്പട്ട രജിലാൽ (28) ആണ് ഭാര്യസമേതം വിനോദ യാത്രക്കെത്തിയപ്പോൾ അപകടത്തിൽപ്പെട്ടത്. പുഴയിൽ വീണ ഭാര്യ കനിഹയെ ബന്ധുക്കളും നാട്ടുകാരും രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം.
തിങ്കളാഴ്ച രാവിലെ രജിലാൽ ഭാര്യയെയും അവരുടെ ബന്ധുക്കളേയും കൂട്ടി പുഴയോരത്തെത്തി. പുഴയിൽ ഇറങ്ങിയ രജിലാൽ കാൽ വഴുതി വീണു. ഒഴുക്കിൽപ്പെട്ട ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച കനിഹയും ഒഴുകിപ്പോയി. സമീപത്ത് റോഡ് പ്രവൃത്തി നടത്തുകയായിരുന്ന മലപ്പുറം സ്വദേശികളായ റിയാസും ഖാദറും ഓടിയെത്തി കനിഹയെ രക്ഷിച്ചു. എന്നാൽ, ചുഴിയിൽപ്പെട്ട രജിലാലിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രദേശവാസികളായ യുവാക്കൾ രജിലാലിനെ കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനിഹ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രജിലാലിന്റെ മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസം 14ന് ആണ് ഇരുവരും വിവാഹിതരായത്. കുളപ്പുറത്ത് കൃഷ്ണദാസ് - രജനി ദമ്പതികളുടെ മകനാണ് രജിലാൽ. സഹോദരൻ: രധുലാൽ (ഗൾഫ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.