തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് തയാറെടുപ്പുകൾ നടത്താൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിദഗ്ധർ നിർദേശിച്ചപ്പോഴും കോവിഡ് നിയന്ത്രണ വിധേയമാകാത്തതും 18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കാത്തതും വെല്ലുവിളിയായി മാറുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 30,000ന് മുകളിലും ടി.പി.ആർ 20 ശതമാനത്തിന് അടുത്തും നിൽക്കുേമ്പാഴാണ് സ്കൂൾ തുറക്കുന്നത് സംബന്ധിച്ച ചർച്ച വീണ്ടും ഉയരുന്നത്. മൂന്നാം തരംഗം കൂടുതൽ ബാധിക്കുന്നത് കുട്ടികളെയായിരിക്കുമെന്ന ആശങ്കയും മുന്നിലുണ്ട്.
കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഘട്ടംഘട്ടമായി സ്കൂളുകൾ തുറന്നതോടെയാണ് കേരളത്തിലും സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച ചർച്ച ഉയരുന്നത്. കോവിഡ് വ്യാപനം പരിധിവരെ നിയന്ത്രണ വിധേയമാക്കിയെന്ന കണക്കുകളുടെ ബലത്തിലാണ് ഇതരസംസ്ഥാനങ്ങൾ സ്കൂളുകൾ തുറന്നത്. എന്നാൽ രാജ്യത്ത് ഉയർന്ന കോവിഡ് വ്യാപന നിരക്കിൽ നിൽക്കുേമ്പാഴാണ് കേരളത്തിൽ സ്കൂളുകൾ തുറക്കുന്നതിെൻറ സാധ്യത പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ പൊതുപരീക്ഷ എഴുതുന്ന പത്ത്, പ്ലസ് ടു കുട്ടികളെയെങ്കിലും ബാച്ചുകളായി സ്കൂളിൽ എത്തിക്കാൻ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് സർക്കാർ പരിശോധിക്കുന്നത്.
വാക്സിനേഷന് ശേഷമേ സ്കൂളുകൾ തുറക്കുന്ന കാര്യം പരിഗണിക്കാനാവൂ എന്നാണ് നേരത്തെ നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി മറുപടി നൽകിയത്. നിലവിൽ 18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കാത്തതിനാൽ അതിന് ശേഷം സ്കൂൾ തുറക്കാൻ ഏറെ കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ ജനുവരിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ നടത്തിപ്പിെൻറ മുന്നോടിയായി വിദ്യാർഥികളെ ബാച്ചുകളായി സ്കൂളിൽ എത്തിച്ച് റിവിഷനും സംശയനിവാരണത്തിനും അവസരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.