കൊച്ചി: കെ.എസ്.എഫ്.ഇ ജീവനക്കാരുടെ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ തട്ടിപ്പിൽ പ്രതിയായ ഉദ്യോഗസ്ഥന് ഉന്നത തസ്തികയിലേക്ക് സ്ഥാനക്കയറ്റം. ചീഫ് മാനേജറായ ഉദ്യോഗസ്ഥനെ 40ഓളം കെ.എസ്.എഫ്.ഇ ശാഖകൾ ഉൾപ്പെടുന്ന മേഖല ഓഫിസിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് ജനറൽ മാനേജറായാണ് നിയമിച്ചത്. നടപടിക്കെതിരെ സ്ഥാപനത്തിലെ ഭരണ, പ്രതിപക്ഷ യൂനിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തി.
സഹകരണ സംഘത്തിന്റെ പ്രസിഡന്റായിരിക്കെ നിക്ഷേപകരായ അംഗങ്ങളുടെ 15 കോടിയിലധികം രൂപ തിരിമറി നടത്തിയ സംഭവത്തിൽ പ്രതിയായി അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്റെ നിയമനമാണ് വിവാദമായത്. കേസിൽ ഇദ്ദേഹം സസ്പെൻഷൻ നടപടിയും നേരിട്ടിരുന്നു.
ഈ ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന ഭരണസമിതി 31 കോടിയോളം രൂപയുടെ തിരിമറി നടത്തിയതായാണ് കണ്ടെത്തിയത്. ഇതിൽ 15 കോടി നിക്ഷേപകർക്ക് തിരിച്ചുനൽകാൻ കോടതി കെ.എസ്.എഫ്.ഇയോട് ഉത്തരവിട്ടിരുന്നു. ബാക്കി തുക ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളിൽനിന്ന് തിരിച്ചുപിടിക്കാനായിരുന്നു നിർദേശം.
എന്നാൽ, റിക്കവറി നടപടികൾക്കിടെ പ്രതികൾ കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചു. എട്ട് വർഷമായിട്ടും പകുതി തുക മാത്രമാണ് നിക്ഷേപകർക്ക് തിരിച്ചുകിട്ടിയത്. വിരമിച്ച ജീവനക്കാർ പെൻഷൻ ആനുകൂല്യങ്ങളടക്കം സംഘത്തിൽ നിക്ഷേപിച്ചിരുന്നു.
തട്ടിപ്പിൽ പ്രതിയായ ഉദ്യോഗസ്ഥനടക്കം സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് സമർപ്പിച്ച കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. സഹകരണ സംഘത്തിലെ കോടികളുടെ ക്രമക്കേടിൽ ഉദ്യോഗസ്ഥന് പങ്കുള്ളതായി ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെ.എസ്.എഫ്.ഇ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനിടെയാണ് മറ്റ് ചീഫ് മാനേജർമാർക്കൊപ്പം അസി. ജനറൽ മാനേജറായി നിയമനം.
സ്ഥാനക്കയറ്റം നൽകിയതിനെതിരെ കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് സ്ഥാപനത്തിലെ പ്രതിപക്ഷ യൂനിയൻ. സീനിയോരിറ്റി ലിസ്റ്റിൽ ഈ ഉദ്യോഗസ്ഥന്റെ തൊട്ടുതാഴെയുള്ള ചീഫ് മാനേജറും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.