തിരുവനന്തപുരം: കായംകുളത്ത് ഉയരപ്പാത നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
പുലര്‍ച്ചെ രണ്ടു മണിക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഗുണ്ടാ- കൊട്ടേഷന്‍ സംഘങ്ങളെ പോലെ പൊലീസ് അതിക്രമിച്ച് കയറിയത്. കായംകുളം നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തില്‍, ഹാഷിം സേട്ട് ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകളിലാണ് പൊലീസ് എത്തിയത്. സിവില്‍ വേഷത്തിലെത്തിയ സംഘം വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ഹാഷിം സേട്ടിനെ അറസ്റ്റു ചെയ്ത ശേഷം പൊലീസ് വാഹനത്തില്‍ ഒരു മണിക്കൂറോളം നഗരം ചുറ്റി മര്‍ദിക്കുകയായിരുന്നു.
ജനകീയ ആവശ്യത്തിന് വേണ്ടി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സമരപ്പന്തലിലെത്തി മർദിച്ചതിനു പിന്നാലെ പൊലീസിനെ ആക്രമിച്ചെന്ന കള്ളക്കേസ് ചുമത്തിയാണ് വീട് കയറിയുള്ള ആക്രമണവും അറസ്റ്റും. രാഷ്ട്രീയ സമരങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടാമെന്ന് പൊലീസിലെ ക്രിമിനലുകള്‍ ഇനിയും കരുതരുത്. സി.പി.എം നേതാക്കളുടെ ഗുണ്ടാസംഘമായി കേരളത്തിലെ പൊലീസ് അധഃപതിക്കരുത്. ക്രിമിനലുകളായ പൊലീസുകാരെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവി തയാറാകണം.
മുഖ്യമന്ത്രി ആഹ്വാനം ചെയ്ത രക്ഷാപ്രവര്‍ത്തനം തുടരാനാണ് പൊലീസിലെ ക്രിമിനലുകളും തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.