തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം രണ്ടുഘട്ടമാക്കാനുള്ള തീരുമാനം ഭക്ഷ്യവകുപ്പ് റദ്ദാക്കി. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയാതെ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് നടപടി. ആറു മാസം മുമ്പ് ഇലക്ട്രോണിക് പോയന്റ് ഓഫ് സെയിൽ (ഇ-പോസ്) സംവിധാനത്തിലെ സാങ്കേതികപ്രശ്നങ്ങളെ തുടർന്ന് മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് മാസത്തെ ആദ്യ 15 ദിവസവും മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള, ബ്രൗൺ കാർഡുകൾക്ക് 16 മുതൽ മാസാവസാനം വരെയും രണ്ടുഘട്ടമായി റേഷൻ വിതരണം നടത്താൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, പിന്നീട് കാര്യമായ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് തൽക്കാലം രണ്ടുഘട്ടവിതരണം നടപ്പാക്കേണ്ടെന്നായിരുന്നു മന്ത്രിയുടെ തീരുമാനം, പ്രത്യേകിച്ച് നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷം ഇ-പോസിന്റെ സാങ്കേതിക പ്രശ്നം ആയുധമാക്കുന്ന ഘട്ടത്തിൽ.
എന്നാൽ, രണ്ടുഘട്ടമായി വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഡോ.ഡി. സജിത് ബാബു ഈ മാസം ഒമ്പതിന് മന്ത്രിയുമായി ആലോചിക്കാതെ ഭക്ഷ്യസെക്രട്ടറിക്ക് നേരിട്ട് കത്തുനൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 20നു വകുപ്പു മന്ത്രിയോട് ചോദിക്കാതെ ഭക്ഷ്യവകുപ്പ് അണ്ടർ സെക്രട്ടറി എസ്.എ. നിസാം ഉത്തരവിറക്കിയത്.
ഉത്തരവ് മാധ്യമങ്ങളിൽ വാർത്തയായപ്പോഴാണ് മന്ത്രി ജി.ആർ. അനിൽ വിവരം അറിഞ്ഞത്. തങ്ങളുമായി കൂടിയാലോചിക്കാതെ ഇറക്കിയ ഉത്തരവിനെതിരെയുള്ള പ്രതിഷേധം റേഷൻ സംഘടനാ നേതാക്കളും മന്ത്രിയെ അറിയിച്ചു. ഇതോടെ ക്ഷുഭിതനായ മന്ത്രി, വകുപ്പു സെക്രട്ടറിയെ വിളിച്ച് ഉത്തരവ് റദ്ദാക്കാൻ നിർദേശിക്കുകയായിരുന്നു. നിലവിൽ റേഷൻ വിതരണം സുഗമമായി നടക്കുന്നതിനാൽ വിതരണത്തിൽ ക്രമീകരണം വരുത്തേണ്ട യാതൊരു ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു. താനറിയാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയതിൽ സെക്രട്ടറിയോട് വിശദീകരണവും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ ഭരണമാണ് വകുപ്പിൽ നടക്കുന്നതെന്ന ആക്ഷേപം പലഘട്ടങ്ങളിലും വ്യാപാരി സംഘടനകൾ ഉയർത്തിയിരുന്നു. വ്യാപാരികളുമായി കൂടിയാലോച്ചിക്കാതെ റേഷൻ മേഖലയിൽ നടത്തുന്ന ഭരണ പരിഷ്കാരങ്ങൾക്കെതിരെ പലതവണ സംഘടനാ നേതാക്കൾതന്നെ മന്ത്രിയെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചിരുന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണറുടെ തീരുമാനങ്ങളിൽ പ്രതിഷേധം ശക്തമാകുമ്പോൾ, ഒടുവിൽ മന്ത്രി നേരിട്ട് റേഷന്‍ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി സമരവും പ്രതിഷേധങ്ങളും ഒത്തുതീർക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.