വൃക്ക ലഭിച്ചിട്ടും അവയവമാറ്റ ശസ്ത്രക്രിയ നാലു മണിക്കൂർ വൈകി, രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിൽ അനാസ്ഥ.അവയവം ലഭ്യമായിട്ടും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നാലു മണിക്കൂറാണ് വൈകിയത്. പൊലീസ് അകമ്പടിയോടെ ഇന്നലെ വൈകിട്ട് 5.30ന് വൃക്ക മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ ആശുപത്രി നടത്തിയില്ലെന്നാണ് പരാതി.

ശസ്ത്രക്രിയ നടത്താൻ നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ല. ശനിയാഴ്ച്ച രാത്രിയാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും വൃക്ക മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരം ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വൃക്ക എത്തിയിട്ടും സ്വീകർത്താവായ രോഗിയെ ശസ്​ത്രക്രിയക്ക് വേണ്ടി തയാറാക്കിയിരുന്നില്ല. രാത്രി 9.30 ഓടു കൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും രോഗി മരിച്ചു. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്.

സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ശനിയാഴ്ച മസ്തിഷ്കമരണം നടന്ന 34കാരന്റെ വൃക്കയാണ് എറണാകുളത്തു നിന്ന് തിരുവനന്തപുര​ത്ത് എത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം വൃക്ക എത്തിച്ചത്. എന്നാൽ അവയവം പുറത്തെടുത്താൽ കഴിയുന്നതും വേഗം മറ്റൊരു ശരീരത്തിൽ പിടിപ്പിക്ക​ണമെന്നാണ് പറയാറെങ്കിലും നാലു മണിക്കൂറുകൾ വൈകിയാണ് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ആരംഭിച്ചതെന്നാണ് പരാതി.

Tags:    
News Summary - The organ transplant surgery was delayed by four hours, and the patient died in Thiruvananthapuram Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.