'കാണുന്നവര്‍ക്കെല്ലാം അംഗത്വം നല്‍കിയതിന്‍റെ ദൂഷ്യഫലമാണ് പാർട്ടി അനുഭവിക്കുന്നത്' -എം.വി. ഗോവിന്ദന്‍

കൃത്യമായ പരിശോധനയില്ലാതെ അംഗത്വം നല്‍കുന്നതിന്‍റെ ദൂഷ്യഫലമാണ് സി.പി.എം ഇപ്പോൾ അനുഭവിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇത്തരക്കാര്‍ സി.പി.എം പ്രത്യയശാസ്ത്രത്തിന്‍റെ ഒരംശം പോലും ജീവിതത്തില്‍ പകര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം അംഗങ്ങളും നേതാക്കളും ക്രിമിനൽ കേസുകളിൽപെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പാർട്ടി സെക്രട്ടറിയുടെ ആത്മവിമർശനം. സി.പി.എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി ആരംഭിച്ച ഇ.എം.എസ് പഠനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

'മെമ്പര്‍ഷിപ്പ് കിട്ടിയെന്നുള്ളത് കൊണ്ട് മാര്‍ക്‌സിസ്റ്റായി എന്ന ധാരണ ആര്‍ക്കുംവേണ്ട. അങ്ങനെ അല്ലാത്തതിന്റെ ദൂഷ്യഫലം നമ്മളിപ്പോള്‍ ഏറ്റുവാങ്ങുന്നുണ്ട്. കാണുന്നവര്‍ക്കെല്ലാം അംഗത്വം കൊടുക്കുക, ചിലപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയാക്കുക, ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ആകുക എന്നിട്ട് സാമൂഹ്യ ജീവിതത്തിന്റെ അർഥശാസ്ത്രത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഒരംശം പോലും സ്വയംജീവിതത്തില്‍ പകര്‍ത്താതിരിക്കുക.

എന്നിട്ട് ശുദ്ധ അസംബന്ധത്തിലേക്കും അന്ധവിശ്വാസത്തിലേക്കും തെറ്റായ നിലപാടിലേക്കും വഴുതിമാറുക. ശേഷം കമ്മ്യൂണിസ്റ്റാണ്, പാര്‍ട്ടി അംഗമാണ് എന്നതിന്റെ പേരുദോഷം നമ്മള്‍ കേള്‍ക്കാനിടയാക്കുകയും ചെയ്യുക. ഇതെല്ലാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണം' -എം.വി.ഗോവിന്ദന്‍ പറഞ്ഞു.

Full View

മാര്‍ക്സിസ്റ്റ് ആവണമെങ്കില്‍ സാമാന്യ പ്രത്യയശാസ്ത്രബോധവും വൈരുദ്ധ്യാത്മക ഭൗതികവാദത്തെ കുറിച്ചുള്ള ബോധവും വേണം. ചരിത്രം, പാര്‍ട്ടി പരിപാടി എന്നിവയെകുറിച്ച് ബോധ്യം ഉണ്ടാകണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടനാ പ്രവര്‍ത്തനത്തിലേര്‍പ്പെടുമ്പോഴാണ് ഒരാള്‍ മാര്‍കിസ്റ്റ് ആകാന്‍ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. നരബലിക്കേസ് പ്രതി ഭവഗവൽ സിങ്ങ് സി.പി.എം പ്രവര്‍ത്തകനാണെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ ആത്മവിമർശനം.

Tags:    
News Summary - 'The party is experiencing the ill effects of giving membership to all' -M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.