നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന ഹരജി നാലിന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി ജനുവരി നാലിന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ആണ് ഇന്ന് ഹാജരായത്.

പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങള്‍ കോടതി പരിഗണിക്കുന്നില്ലെന്നാണ് ആരോപിച്ചാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വി.എന്‍ അനില്‍ കുമാര്‍ രാജി വെച്ചത്. കേസില്‍ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍കുമാര്‍. മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സുകേശനും നേരത്തേ രാജിവെച്ചിരുന്നു. കോടതിയുടെനിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.

കേസിൽ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തണമെന്ന് അപേക്ഷയിൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഇന്നലെ ഹൈകോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുന്നില്ല, കൂടുതൽ സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല, ഫോൺ രേഖകൾ തെളിവായി സ്വീകരിക്കണമെന്ന അപേക്ഷ അംഗീകരിക്കുന്നില്ല എന്നിവയായിരുന്നു പ്രോസിക്യൂഷന്‍റെ പരാതി. പരാതി ഫയലിൽ സ്വീകരിച്ച് ദിലീപ് അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസയക്കാനും ഹൈകോടതി നിർദേശിച്ചിരുന്നു.

നടൻ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മുൻസുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയിരിക്കുന്നത്. പൾസർ സുനിയമായി വളരെ അടുത്ത ബന്ധമാണ് ദിലീപിനുള്ളതെന്നും ഇക്കാര്യം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് ദിലീപും കാവ്യയും കുടുബാംഗങ്ങളും തനിക്ക് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയെന്നുമാണ് സംവിധായകൻ പറഞ്ഞത്. മാത്രമല്ല, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ വളരെ നേരത്തേ തന്നെ ദിലീപിന് ലഭിച്ചുവെന്നും ദിലീപ് അത് കണ്ടതിന് താൻ സാക്ഷിയാണെന്നും തന്‍റെ ജീവൻ അപകടത്തിലാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.

വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തേ പ്രോസിക്യൂഷനും സംസ്ഥാനസർക്കാറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തേ പ്രോസിക്യൂട്ടർ രാജിവെച്ചത്. 

Tags:    
News Summary - The petition seeking stay of the trial in the case of attacking the actress will be considered on the 4th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.