കോട്ടക്കൽ: കുടുംബം പോറ്റാൻ പഠനത്തോടൊപ്പം കൂലിപ്പണി ചെയ്ത് ഉന്നതവിജയം നേടിയ മിടുക്കന് സുമനസ്സുകൾ നിർമിച്ചുനൽകിയ സ്നേഹവീട് കൈമാറി. 23 വർഷം മുമ്പ് തമിഴ്നാട്ടിലെ വിഴുപ്പുറത്തു നിന്നെത്തി വർഷങ്ങളായി വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പരേതനായ രാജകണ്ണന്റെയും ഗോവിന്ദമ്മയുടെയും മകൻ ജയസൂര്യക്കാണ് വീട് യഥാർഥ്യമായത്.
ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി. വരമ്പനാല സ്വദേശി കുഞ്ഞിമോൻ ഹാജി മദ്റസുംപടിയിൽ സൗജന്യമായി നൽകിയ ഭൂമിയിലാണ് വീട് നിർമിച്ചത്. ദുരിതങ്ങൾക്കിടയിലും 2020ലെ ഹയൽസെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ജയസൂര്യയുടെ വാർത്ത ‘മാധ്യമം’ നൽകിയതിന് പിന്നാലെയാണ് സഹായവുമായി സുമനസ്സുകൾ കൈകോർത്തത്. വീട് നിർമാണങ്ങൾക്കിടെ 2021ൽ പിതാവ് രാജണ്ണൻ മരിച്ചതോടെ കോഴിക്കോട് ദേവഗിരി കോളജ് എം.എ ഇക്കണോമിക്സ് പി.ജി വിദ്യാർഥിയായ ജയസൂര്യ അമ്മക്കൊപ്പമാണ് കഴിയുന്നത്.
പുതിയ വീട് നിർമിച്ചുനൽകാൻ സഹായിച്ച എല്ലാവർക്കും ഇരുവരും നന്ദി പറഞ്ഞു. പുതിയ വീട്ടിൽ നിന്ന് ഐ.എ.എസ് നേടണമെന്നും നിർധന കുടുംബങ്ങൾക്ക് സഹായമൊരുക്കുമെന്നും ജയസൂര്യ പറഞ്ഞു. താക്കോൽ കൈമാറ്റ ചടങ്ങിൽ വാർഡ് കൗൺസിലർ പി.ടി. അബ്ദു, പ്രതിപക്ഷ കക്ഷി നേതാവ് ടി. കബീർ, എം.പി. ഹരിദാസൻ, സാജിദ് മങ്ങാട്ടിൽ, വരമ്പനാല സ്വദേശി കുഞ്ഞിമോൻ എന്നിവർ സംസാരിച്ചു. അൻസാർ ആനപ്ര, നിസാർ കുരിക്കൾ, അബ്ദുപ്പ വേങ്ങര, പ്രമോദ് ചേറായി, ഹനീഫ ഹാജി വല്ലപ്പുഴ എന്നിവർ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തകൻ കെ.സി, കുഞ്ഞുട്ടി കാടാമ്പുഴ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.