സർക്കാറിലും പാർട്ടിയിലും ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്​ഥാനരഹിതം, പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാമായിരുന്നു -സി.പി.എം

തിരുവനന്തപുരം: കെ.എസ്​.എഫ്​.ഇയിലെ വിജിലൻസ്​ പരിശോധനയുടെ പശ്ചാത്തലത്തിൽ സി.പി.എമ്മിലും സർക്കാറിലും അഭിപ്രായ വ്യത്യസമുണ്ടെന്ന പ്രചാരവേല അടിസ്​ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്​ടിക്കാനുള്ള രാഷ്​ട്രീയ എതിരാളികളുടെ വൃഥാ ശ്രമവുമാണെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറിയേറ്റ്​. കെ.എസ്​.എഫ്​.ഇയിൽ വിജിലൻസ്​ നടത്തിയത്​ സാധാരണ ഗതിയിലുള്ള പരിശോധനയാണെന്ന്​ മുഖ്യമന്ത്രി തന്നെ വ്യക്​തമാക്കിയിട്ടുണ്ട്​.

വിജിലൻസ്​ പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു​. കെ.എസ്​.എഫ്​.ഇ പോലെ മികവാർന്ന സ്​ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നത്​ കണ്ട്​ നടത്തിയ പ്രതികരണങ്ങളായിരുന്നുവത്​. എന്നാൽ, അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടാതായിരുന്നു.

കേരളത്തിലെ എൽ.ഡി.എഫ്​ സർക്കാർ മികച്ച നിലയിലാണ്​ പ്രവർത്തിക്കുന്നത്​. നാടിൻെറ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക്​ പൊതുസമൂഹത്തിൽ നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്​. അതുകൊണ്ട്​ കൂടിയാണ്​ നിരന്തരം വിവാദങ്ങൾ സൃഷ്​ടിച്ച്​ ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയുമോയെന്ന്​ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്​. എല്ലാ സീമകളെയും ലംഘിച്ചുള്ള ഈ ജനാധിപത്യ വിരുദ്ധ നീക്കം ജനം തിരിച്ചറിയണം.

ഈ സാഹചര്യത്തിലാണ്​ പാർട്ടിയിലും സർക്കാറിലും ഭിന്നിപ്പുണ്ടെന്ന്​ വരുത്തി തീർക്കാനുള്ള ശ്രമം തുടങ്ങിയിട്ടുള്ളത്​. പാർട്ടിയും എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്നത്​ സർക്കാറിൻെറ പ്രവർത്തനങ്ങൾക്ക്​ കരുത്തുപകരുന്ന പ്രധാന ഘടകമാണ്​. ഇത്​ രാഷ്​ട്രീയ എതിരാളികളെ നിരാശരാക്കുന്നു​. അതാണ്​ ഇ​പ്പോഴത്തെ പ്രചാരവേലകളിൽ പ്രതിഫലിക്കുന്നത്​. ഇത്തരം സന്ദർഭങ്ങളിൽ എന്തും വിവാദമാക്കാൻ ​ശ്രമിക്കുന്നവർ ഉണ്ടെന്ന തിരിച്ചറിവ്​ പ്രധാനമാണ്​.

കേരളത്തിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്​ഥാപനമാണ്​ കെ.എസ്​.എഫ്​.ഇ. അതിനെ തകർക്കാൻ സങ്കുചിത രാഷ്​ട്രീയ ലക്ഷ്യമിട്ട്​ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും പ്രസ്​താവനയിൽ അറിയിച്ചു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.