വടക്കാഞ്ചേരി (തൃശൂർ): വീടില്ലാതെ പുറേമ്പാക്കിൽ കഴിയുകയാണെന്ന് കത്തെഴുതിയ നീതുവിന് തന്നെയോ എം.എൽ.എ അനിൽ അക്കരയെയോ കൗൺസിലർ സൈറാബാനു ടീച്ചറെയോ ബന്ധപ്പെടാമെന്ന് രമ്യ ഹരിദാസ് എം.പി. ഒരുപക്ഷേ, വീടില്ലാതെ ഒറ്റമുറിയിൽ താമസിക്കുന്ന നീതുവിന് മാനസികമായ പ്രയാസമായിരിക്കാം ഇന്ന് എത്തിച്ചേരാൻ സാധിക്കാതെ പോയെതന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു.
വീടില്ലാതെ പുറേമ്പാക്കിൽ കഴിയുകയാണെന്ന് കത്തെഴുതിയ നീതു ജോൺസന് വീടും സ്ഥലവും നൽകാൻ അനിൽ അക്കര എം.എൽ.എ ചൊവ്വാഴ്ച രാവിലെ റോഡരികിൽ രണ്ടര മണിക്കൂർ കാത്തുനിന്നിരുന്നു. എന്നാൽ, വീടുവാങ്ങാൻ നീതുവോ കുടുംബമോ നീതുവിനെ പരിചയമുള്ളവരോ വന്നില്ല. ഒടുവിൽ 11.30ഓടെ എം.എൽ.എയും വടക്കാഞ്ചേരി മങ്കര വാർഡ് കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും രമ്യഹരിദാസ് എം.പിയും മടങ്ങി.
ലൈഫ് മിഷൻ പദ്ധതിയുടെ ഉപഭോക്താവ് എന്ന രീതിയിലാണ് മങ്കരയിലെ നീതു ജോണ്‍സണ്‍ എന്ന വിദ്യാര്‍ഥിനി അനിൽ അക്കരക്ക് കത്തെഴുതിയിരുന്നത്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എൽ.എ ആയ അനില്‍ അക്കരക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലൈഫ്മിഷൻ അഴിമതിക്കെതിരെ എം.എൽ.എ രംഗത്തുവന്നത്, നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങൾക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയായതായി കത്തിൽ ബോധിപ്പിച്ചിരുന്നു.
കത്തെഴുതിയ നീതു ജോൺസൺ ആരാണെന്നറിയാനും അവർക്ക് വീട് നൽകുവാനുമാണ് എം.എല്‍.എയും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ കാത്തുനിന്നത്. ഒമ്പതു മണിമുതൽ 11 വരെ നിൽക്കാനായിരുന്നു തീരുമാനം. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ, 11 മണിവരെ ആരും വരാത്തതിനെ തുടർന്ന് 11.30 വരെ കാത്തുനിന്നു. നീതുവിനോ നീതുവിനെ നേരിട്ടറിയുന്നവർക്കോ തങ്ങളെ സമീപിക്കാമെന്നും പെൺകുട്ടിക്ക് വീടും സ്ഥലവും നൽകുമെന്നും അനിൽ അക്കര ഫേസ്ബുക് ലൈവിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.