കുറ്റ്യാടി: എട്ടു നിയമസഭ മണ്ഡലങ്ങളിലെ 45 പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്ന കുറ്റ്യാടി ജലസേചന പദ്ധതി കനാലുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. മണ്ഡലം പരിധിയിലെ പ്രവൃത്തികൾ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയും സംഘവും പരിശോധിച്ചു. 50 വർഷത്തിലേറെ പഴക്കമുള്ള കനാലുകളുടെ അത്യാവശ്യ അറ്റകുറ്റപ്പണികൾക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തകരാറുകൾ പൂർണമായി പരിഹരിക്കാൻ 180 കോടി രൂപ വേണം. മണിയൂർ ബ്രാഞ്ച് കനാൽ, ആയഞ്ചേരി ഡിസ്ട്രിബ്യൂട്ടറി, പൂവാമ്പുഴ ഡിസ്ട്രിബ്യൂട്ടറി, പെരുവയൽ ഫീൽഡ് ബൂത്തി, ചേരാപുരം സബ് ഡിസ്ട്രിബ്യൂട്ടറി, ചേരാപുരം ഫീൽഡ് ബൂത്തി, തണ്ടോട്ടി അക്വഡക്ട് റിപ്പയർ, ആയഞ്ചേരി ഡിസ്ട്രിബ്യൂട്ടറി തകരാറിലായ പൈപ്പുകൾ മാറ്റുന്ന പ്രവൃത്തി, പെരുമുണ്ടച്ചേരി ഡിസ്ട്രിബ്യൂട്ടറി, തിരുവള്ളൂർ ഡിസ്ട്രിബ്യൂട്ടറി, മംഗലാട്, പൊയിൽ
പാറ, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലെ വലതുകര മെയിൻ കനാൽ ലൈനിങ് എന്നിങ്ങനെ 2.45 കോടി രൂപയുടെ പ്രവൃത്തികളാണ് കുറ്റ്യാടി മണ്ഡലത്തിൽ നടന്നുവരുന്നത്. കുറ്റ്യാടി ഇറിഗേഷൻ വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ അരവിന്ദാക്ഷൻ, അസി. എൻജിനീയർമാരായ അശ്വിൻ, അശ്വതി, ഓവർസിയർമാർ എന്നിവർ പ്രവൃത്തികൾ വിശദീകരിച്ചു.
ആയഞ്ചേരി: കുറ്റ്യാടി മണ്ഡലത്തിലെ മൂന്ന് ഗ്രാമീണ റോഡുകളുടെ നിർമാണം ആരംഭിക്കുന്നു. ആയഞ്ചേരി-പുറമേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തണ്ണീർപ്പന്തൽ -ഇളയിടം -അരൂർ റോഡിന് 7.74 കോടി രൂപയുടെയും മണിയൂർ ഗ്രാമപഞ്ചായത്തിലെ പുന്നോളിമുക്ക് -ഉല്ലാസ് നഗർ -ഫിനിക്സ് മുക്ക് -ഹരിജൻ കോളനി റോഡിന് 7.40 കോടി രൂപയുടെയും മണിയൂർ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാഴേരി ഒന്തം കീഴൽമുക്ക് -മേമുണ്ട -അമരാവതി റോഡിന് 6.20 കോടി രൂപയുടെയും പ്രവൃത്തികളാണ് പി.എം.ജി.എസ്.വൈ സ്കീം പ്രകാരം ആരംഭിക്കുന്നത്. സംസ്ഥാന സർക്കാർ ശിപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇതിൽ തണ്ണീർപ്പന്തൽ- ഇളയിടം-അരൂർ റോഡ് നിർമാണം പുരോഗമിക്കുകയാണ്.
പുറമേരി, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ഗതാഗത പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. 5.5 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന് 7.74 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരു പാലവും 15 കൽവർട്ടുകളും ഐറിഷ് ഡ്രെയിനേജും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് പ്രവൃത്തിയുടെ കരാർ വെച്ചിട്ടുള്ളത്. മറ്റ് രണ്ടു പ്രവൃത്തികളുടെയും കരാർ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്.
ജില്ലതലത്തിലും സംസ്ഥാനതലത്തിലും ദേശീയ തലത്തിലുമുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണം പൂർത്തിയാക്കുക. ഫുൾ ഡെപ്ത് റിക്ലമേഷൻ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡുകളുടെ നിർമാണം. അഞ്ചു വർഷമാണ് പരിപാലന കാലാവധി. കേരള സ്റ്റേറ്റ് റൂറൽ റോഡ് ഡെവലപ്മെന്റ് ഏജൻസിയാണ് നിർവഹണ ഏജൻസി.
ഈ റോഡുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ ആഗ്രഹം സഫലമാകുമെന്ന് കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.