നേമം: ഓടിക്കൊണ്ടിരുന്ന ബാംഗ്ലൂര്‍-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിന് നേമം സ്റ്റേഷന്‍ സമീപം തീപിടിച്ചു. യാത്രക്കാര്‍ കണ്ടതിനെത്തുടര്‍ന്ന് നേമം റെയില്‍വേ സ്റ്റേഷനിലെ ഒന്നാംട്രാക്കില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടശേഷം സ്റ്റേഷന്‍ ജീവനക്കാരും തിരുവനന്തപുരം ഫയര്‍സ്റ്റേഷന്‍ ഓഫീസിലെ ജീവനക്കാരും എത്തി തീ കെടുത്തി.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 1.50നായിരുന്നു സംഭവം. ബാംഗ്ലൂരില്‍നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. മൂന്നാമത്തെ കംപാര്‍ട്ട്‌മെന്റായ സ്ലീപ്പര്‍ എസ് 1 കോച്ചിലായിരുന്നു തീപിടിത്തം. തീപിടിത്തം അറിഞ്ഞതിനെത്തുടര്‍ന്ന് കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് നേമം സ്റ്റേഷനിലെ ജീവനക്കാര്‍ എത്തി ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്തി. ബോഗിയുടെ അടിഭാഗത്തെ വീലുകള്‍ ജാം ആയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിദഗ്ധര്‍ പരിശോധന നടത്തിയശേഷം അറിയിച്ചത്. വീലുകള്‍ ചേരുന്ന ഭാഗത്തായിരുന്നു തീപിടിത്തമെങ്കിലും സമയം വൈകിയിരുന്നുവെങ്കില്‍ കംപാര്‍ട്ട്‌മെന്‍റിലേക്കു തീ പടരുമായിരുന്നു.
ഫയര്‍ഫോഴ്‌സ് ഓഫീസില്‍ നിന്ന് റീജണല്‍ ഫയര്‍ഓഫീസര്‍ ദിലീപന്‍, ഡിസ്ട്രിക്ട് ഫയര്‍ ഓഫീസര്‍ സുവി, സ്റ്റേഷന്‍ ഓഫീസര്‍ രാമമൂര്‍ത്തി, അസി. സ്റ്റേഷന്‍ ഓഫീസര്‍ അജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒരുമണിക്കൂറിലേറെ പരിശ്രമിച്ചാണ് ലോഹഭാഗങ്ങള്‍ തണുപ്പിച്ച് സുരക്ഷ ഉറപ്പിക്കിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷം മൂന്നുമണിയോടുകൂടി ട്രെയിന്‍ കന്യാകുമാരിയിലേക്ക് യാത്ര തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.