തിരുവല്ല: രാവിലെ തന്നെ സ്കൂബാ ടീമിനെയും പൊലീസിനെയുമൊക്കെ കണ്ട് 'വണ്ടറടിച്ചതാണ്' പമ്പാ നദിയിലെ നീരേറ്റുപുറത്തുകാർ. സ്കൂബാ ടീമിന്റെ സന്നാഹങ്ങളും മുങ്ങൽ പരിശോധനയുമൊക്കെ കണ്ടതോടെ നാട്ടിൽ കഥകൾ പറന്നു തുടങ്ങി. വെള്ളത്തിൽ നിന്ന് മുങ്ങിയെടുക്കാൻ പോകുന്ന 'അപസർപ്പകഥ' നേരിട്ട് കാണാൻ തീരത്തൊക്കെ ആളുകൂടി.
എന്നാൽ, കാര്യമറിഞ്ഞതോടെ അടക്കിച്ചിരിച്ചും കണ്ണിറുക്കി കാണിച്ചും ആളൊഴിയാൻ തുടങ്ങി. ഈ സന്നാഹങ്ങളൊക്കെ വെച്ച് മുങ്ങിയെടുക്കാൻ പോകുന്ന 'മുതലൊന്ന്' കാണണമെന്ന വാശിയിൽ ചിലർ മാത്രം ബാക്കിയായി.
വള്ളം കളിക്കിടെ വെള്ളത്തിൽ പോയ പോലീസിന്റെ വയർലെസ് സെറ്റ് മുങ്ങിയെടുക്കാനായാണ് ഈ സന്നാഹങ്ങളൊക്കെ എത്തിയത്. പമ്പാ നദിയിലെ നീരേറ്റുപുറത്താണ് സ്കൂബാ ടീമിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന നീരേറ്റുപുറം വള്ളം കളിക്കിടെയാണ് പുളിക്കീഴ് പോലീസിന്റെ രണ്ട് വയർലെസ് സെറ്റുകൾ വെള്ളത്തിൽ പോയത്. തിരുവല്ലയിൽ നിന്നുള്ള സ്കൂബാ ടീമിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ വയർലെസ് സെറ്റിനായുള്ള തെരച്ചിൽ ആരംഭിക്കുകയായിരുന്നു. വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റിൽ നിന്നും ബോട്ടിലേക്ക് കയറുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും സെറ്റുകൾ വെള്ളത്തിൽ വീണത്. പുളിക്കീഴ് എസ്.ഐ കവിരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.