ഒടുവിൽ തദ്ദേശസ്ഥാപനങ്ങൾക്ക് രണ്ടാം ഗഡുവെത്തി; ജൂലൈ 29 ലെ ഉത്തരവായി

പാലക്കാട്: ഒടുവിൽ തദ്ദേശസ്ഥാപനങ്ങൾ കാത്തിരുന്ന വികസന ഫണ്ടിന്റെ രണ്ടാം ഗഡുവെത്തി; മൂന്നുമാസം മുമ്പുള്ള ജൂലൈ 29 എന്ന് തിയതിയിട്ട്. മൂന്നാം ഗഡു അനുവദിക്കേണ്ട നവംബറിൽ തന്നെയാണ് കാലം തെറ്റി രണ്ടാം ഗഡു ഫണ്ട് എത്തിയത്. രണ്ടാം ഗഡു അനുവദിക്കൽ തീരുമാനമെടുത്ത തിയതിയി​ട്ട് നടപടി തുടങ്ങിയെങ്കിലും ധന പ്രതിസന്ധിയിൽ കുടുങ്ങുകയായിരുന്നു. സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങൾക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 1850.68 കോടി രൂപയാണ് ധന വകുപ്പ് അനുവദിച്ചത്.

കോർപറേഷനുകൾക്ക് 213.76 കോടി, മുനിസിപ്പാലിറ്റികൾക്ക് 188.36 കോടി, ജില്ല പഞ്ചായത്തുകൾക്ക് 238.98 കോടി, ​േബ്ലാക്ക് പഞ്ചായത്തുകൾക്ക് 238.98 കോടി, പഞ്ചായത്തുകൾക്ക് 970.59 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.

ജൂലൈ മാസം അനുവദിക്കേണ്ട ഈ തുകക്കായി ട്രഷറിക്ക് മുമ്പിൽ വരിനിന്ന് പണം എന്ന് കിട്ടുമെന്ന ആശങ്കയിലാണ് പഞ്ചായത്തുകൾ. ബിൽ തയ്യാറാക്കി മാസങ്ങളായി അവർ പ്രവർത്തി തുടങ്ങാൻ കാത്തിരിക്കുകയായിരുന്നു. വികസന ഫണ്ടിനത്തിൽ ഈ സാമ്പത്തിക വർഷം ഇനിയും രണ്ട് ഗഡുക്കൾ കിട്ടാനുണ്ട്. കഴിഞ്ഞ വർഷം നാലാം ഗഡു മാർച്ച് മാസം അവസാന ദിവസങ്ങളിലാണ് പേരിന് മാത്രമായി അനുവദിച്ചത്. ഇനി രണ്ടാം ഗഡു ഇനത്തിൽ മെയിന്റനൻസ് ഗ്രാൻഡും പട്ടിക വർഗ ഫണ്ടിന്റെ ഒരു വിഹിതവും കൂടി കിട്ടാനുണ്ട്.

ലൈഫ് പദ്ധതി , അങ്കണവാടി പോഷകാഹാര പദ്ധതി, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ താൽകാലിക ജീവനക്കാരുടെയും പാലിയേറ്റിവ് കെയർ ജീവനക്കാരുടെയും ശമ്പളം, മാനസിക ശാരീരിക വെല്ലുവിളിയുള്ള കുട്ടികൾക്ക് സ്കോളർഷിപ്, ബി.ആർ.സി നടത്തിപ്പ്, എസ്.എസ്.എ വിഹിതം എന്നിവക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 

Tags:    
News Summary - the second installment has arrived for the local bodies; As per order dated 29th July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.