തിരുവനന്തപുരം: വാർഷിക വരുമാനപരിധി നാല് ലക്ഷത്തിൽ തുടരുമ്പോഴും സംസ്ഥാനത്ത് മെഡിക്കൽ പ്രവേശന മുന്നാക്കസംവരണപട്ടികയുടെ വലുപ്പം തുടർച്ചയായ രണ്ടാം വർഷവും കൂടി. കഴിഞ്ഞവർഷം അർഹതയുള്ളവരുടെ പട്ടികയിൽ 1861 പേരാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ കാറ്റഗറി പട്ടികയിൽ 2180 പേരാണുള്ളത്.
മെഡിക്കൽ പ്രവേശനത്തിൽ ആദ്യമായി മുന്നാക്കസംവരണം നടപ്പാക്കിയ 2019ൽ 324 പേർ മാത്രമായിരുന്നു കാറ്റഗറി പട്ടികയിൽ. 2020ൽ ഇത് 1861 ആയി. സംസ്ഥാനത്ത് മുന്നാക്കസംവരണ വരുമാന പരിധിയിയായി സർക്കാർ നിയോഗിച്ച കെ. ശശിധരൻ നായർ കമീഷൻ ശിപാർശ ചെയ്തതും സർക്കാർ അംഗീകരിച്ചതും നാല് ലക്ഷം രൂപയാണ്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ലഭ്യമായ സീറ്റുകളുടെ പത്ത് ശതമാനം എന്ന നിലയിൽ 110 സീറ്റ് വരെയായിരിക്കും നീക്കിവെക്കുക.
കേന്ദ്രസർക്കാർ മുന്നാക്കസംവരണ വരുമാനപരിധി എട്ട് ലക്ഷമായി തീരുമാനിക്കുകയും അഖിലേന്ത്യ ക്വോട്ട മെഡിക്കൽ പ്രവേശനം സംബന്ധിച്ച കേസിൽ ഇത് സുപ്രീംകോടതി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതി വരുമാന പരിധി എട്ട് ലക്ഷമായി തുടരണമെന്ന് ശിപാർശ ചെയ്ത് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. മുന്നാക്കസംവരണത്തിൽ മെഡിക്കൽ പ്രവേശനത്തിന് ലഭ്യമായ സീറ്റിന്റെ 20 ഇരട്ടിയിലേറെ പേർ കാറ്റഗറി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വരുമാന പരിധി ഉയർത്തണമെന്ന് നേരേത്ത ആവശ്യമുയർന്നിരുന്നു. എന്നാൽ പരിധി ഉയർത്തുന്നത് സാമ്പത്തികമായി കൂടുതൽ മെച്ചപ്പെട്ടവർക്ക് മുന്നാക്കസംവരണ ആനുകൂല്യം ലഭിക്കാൻ ഇടയാക്കുമെന്നും കാറ്റഗറിപട്ടികയിൽ ആവശ്യത്തിലധികം പേരുണ്ടെന്നും കണ്ട് ഈ ആവശ്യം സർക്കാർ നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.