‘മരിച്ചുപോയ പിതാവിന് മോശം പേരുവരുത്തുകയാണ് ലക്ഷ്യം’; മാമുക്കോയക്കെതിരായ വെളിപ്പെടുത്തലിൽ പരാതിയുമായി മകന്‍

കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയക്കെതിരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തലിൽ കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി മാമുക്കോയയുടെ മകന്‍. അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നാണ് മുഹമ്മദ് നിസാറിന്‍റെ പരാതിയിൽ ആവശ്യപ്പെടുന്നത്.

മരിച്ചുപോയ പിതാവിന് മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അടുത്തഘട്ടമായി കോടതിയെ സമീപിക്കുമെന്നും നിസാര്‍ വ്യക്തമാക്കി.

‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബു, നടൻ സുധീഷ്, അന്തരിച്ച നടൻ മാമുക്കോയ, സംവിധായകൻ ഹരികുമാർ എന്നിവർക്കെതിരെ എരഞ്ഞിപ്പാലം സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റിന്റെ വെളി​പ്പെടുത്തലിൽ നടക്കാവ് പൊലീസ് ആണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ കേസുകൾ ഐ.ജി ജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്.

ഇടവേള ബാബു, സുധീഷ്, മാമുക്കോയ, ഹരികുമാർ എന്നിവർക്കെതിരെ ലൈംഗികചുവയോടെ സംസാരിച്ചു എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കേസിൽ ഇനി ചോദ്യം ചെയ്യൽ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുക പ്രത്യേക അന്വേഷണ സംഘമാണ്.

‘അമ്മ’യിൽ അംഗത്വത്തിന് ശ്രമിച്ചപ്പോൾ ഇടവേള ബാബു ലൈംഗികാനുകൂല്യം ആവശ്യപ്പെട്ടെന്നും മറ്റുള്ളവർ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തൽ. ‘അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ഇടവേള ബാബുവിനെതിരെ നേരത്തെ എറണാകുളം നോർത്ത് പൊലീസും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Tags:    
News Summary - The son Muhammed Nizar complained about the disclosure against Mamukoya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.