നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശൻ പറഞ്ഞു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായില്ല. നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചത്. ഇതേ തുടർന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.

2017ലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ.സുരേശനെ സര്‍ക്കാര്‍ നിയമിച്ചത്. കേസില്‍ ഇന്ന് വിചാരണ പുനരാംഭിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് 26 ന് ഹാജരാകാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും നൽകിയ ഹരജി ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിചാരണകോടതി പക്ഷപാതിത്വപരമായി പെരുമാറുന്നുണ്ടെന്നും സ്ത്രീയായിട്ടുപോലും ഒരു പരിഗണനയും ഇരയായ നടിക്ക് ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി. കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കത്തിന് ഇടയാക്കുമെന്നും മുടങ്ങിക്കിടക്കുന്ന വിചാരണ നടപടികൾ പുനരാരംഭിക്കണമെന്നുമായിരുന്നു ഹൈകോടതി സിംഗിൾ ബെഞ്ച് വിധിച്ചത്.

സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്കെതിരെ അപ്പീല്‍ പോകണമെന്നും ഒരാഴ്ച വിധിയില്‍ സ്റ്റേ വേണമെന്നും സര്‍ക്കാര്‍ പറഞ്ഞെങ്കിലും ആവശ്യം തള്ളുകയായിരുന്നു. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.