തിരുവനന്തപുരം: പാർട്ടിയെ ഒറ്റക്കെട്ടായി നയിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ മികച്ചവിജയം നേടുകയെന്ന ലക്ഷ്യത്തോടെ, പ്രബല ഗ്രൂപ്പുകളുടെ ഇംഗിതംപോലും മറികടന്ന് ഹൈകമാൻഡ് നിയമിച്ച പുതുനേതൃത്വത്തിലെ ഭിന്നിപ്പ് സംസ്ഥാന കോൺഗ്രസിന് പുതിയ വെല്ലുവിളിയായി.
പാർട്ടിയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്ന ഭിന്നത പുതിയ ഗ്രൂപ് സമവാക്യങ്ങൾക്കും വഴിതുറന്നേക്കും. അവസാനഘട്ടത്തിലെത്തിയ പാര്‍ട്ടി പുനഃസംഘടന അവസാനനിമിഷം നിര്‍ത്തിവെക്കാൻ ഹൈകമാന്‍ഡ് ആവശ്യപ്പെട്ടതോടെയാണ് കോണ്‍ഗ്രസിലെ നേതൃവടംവലി പരസ്യമായത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങിയിരിക്കാനില്ലെന്ന് ഹൈകമാൻഡിന് ഉൾപ്പെടെ കെ. സുധാകരൻ സൂചന നൽകിയതോടെ ഭിന്നത വരുംദിവസങ്ങളിൽ കുടുതൽ രൂക്ഷമാകുമെന്നും ഉറപ്പായി.
പുനഃസംഘടന നിർത്തിവെപ്പിച്ച ഹൈകമാൻഡ് നീക്കത്തിന് പിന്നിൽ സംസ്ഥാന കോൺഗ്രസിനെ വരുതിയില്‍ വരുത്താനുള്ള എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നീക്കമാണെന്ന ആരോപണം ശക്തമാണ്. ഇതിനായി പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി വേണുഗോപാൽ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്നും ആരോപണമുണ്ട്. എം.പിമാർ ഉൾപ്പെടെ എല്ലാവരുമായും കൂടിയാലോചിച്ച് പുനഃസംഘടന ഏകദേശം പൂർത്തിയായ ഘട്ടത്തിൽ അട്ടിമറിച്ചത് ദുരുദ്ദേശ്യത്തോടെയാണെന്ന് സുധാകരന്റെ അനുകൂലിക്കുന്നവർ കരുതുന്നു. അതിനാലാണ് ഹൈകമാൻഡ് നിർദേശം ഏത് എം.പിയുടെ ഏത് പരാതി പ്രകാരമാണെന്ന് സുധാകരൻ ചോദിക്കുന്നത്.
അതേസമയം, എട്ട് എം.പിമാരുടെ പരാതിപ്രകാരമാണ് പുനഃസംഘടന നിര്‍ത്തിവെക്കാനുള്ള ഹൈകമാൻഡ് നിർദേശമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാന നേതൃത്വത്തിലേക്ക് ഹൈകമാൻഡ് നിയമിച്ച സുധാകരനും സതീശനും തുടക്കത്തില്‍ ഒന്നിച്ചുനീങ്ങിയെങ്കിലും ഇപ്പോള്‍ അവർക്കിടയിൽ പരസ്പരവിശ്വാസം നഷ്ടപ്പെട്ടു. കെ.സി. വേണുഗോപാലിന്റെ പിന്തുണയോടെയാണ് ഇരുവരും നേതൃത്വത്തിലേക്ക് വന്നതെങ്കിലും വേണുഗോപാലിന്റെ താൽപര്യങ്ങൾക്ക് പൂർണമായും വഴങ്ങാൻ സുധാകരൻ തയാറല്ല.
സുധാകരന്റെ ഈ നിലപാടാണ് നേതൃനിരയിലെ വിള്ളലിന് കാരണമായത്. സുധാകരനെതിരെ വേണുഗോപാൽ-വി.ഡി. സതീശൻ അച്ചുതണ്ട് രൂപപ്പെട്ടതോടെ രമേശ് ചെന്നിത്തലയുമായി സുധാകരനും അടുത്തു. കെ. മുരളീധരനും ഈ കൂട്ടുകെട്ടിനൊപ്പമുണ്ട്. കഴിഞ്ഞദിവസം തൃശൂരിൽ ചെന്നിത്തലയും മുരളിയും നടത്തിയ ചർച്ചയും തുറന്നുപറച്ചിലും അതിന്റെ ഭാഗമാണ്. പിന്‍വാതില്‍ വഴി പാര്‍ട്ടി പിടിക്കാനുള്ള ശ്രമത്തിനെതിരെ ഒന്നിച്ചുനിൽക്കാനാണ് അവരുടെ തീരുമാനം. കോൺഗ്രസ് നേതൃതല തർക്കം ഘടകകക്ഷികളിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.