കോടിയേരിയെ അനുസ്മരിച്ച് നാട്

കണ്ണൂർ: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് നേതാക്കൾ. സംസ്കാരത്തിനുശേഷം പയ്യാമ്പലത്തെ പാർക്കിൽ ചേർന്ന സർവകക്ഷി അനുശോചനയോഗത്തിൽ പ്രിയനേതാവിനെ കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രിയടക്കം പലരുടെയും കണ്ഠമിടറി. അർബുദം വേട്ടയാടുമ്പോഴും കർമനിരതനായ പ്രിയ നേതാവിനെക്കുറിച്ചായിരുന്നു എല്ലാവർക്കും പറയാനുണ്ടായത്. കോടിയേരിയുടെ സൗമ്യതയും ലാളിത്യവും എക്കാലവും കാത്തുസൂക്ഷിച്ച സൗഹൃദവും സഹപ്രവർത്തകർ പങ്കുവെച്ചു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു.

അർബുദത്തോട് പൊരുതുമ്പോഴും പാർട്ടിവേദികളിൽ സജീവമായ നേതാവിനെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അനുസ്മരിച്ചു. എന്നും പാർട്ടിയുടെ ആശയങ്ങളിൽ നിലയുറച്ച് പ്രവർത്തിച്ച കോടിയേരിയുടെ നേതൃപാടവം പുതുതലമുറയും മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. രോഗാവസ്ഥയിലും സംഘടനാപ്രവർത്തനത്തിൽ മുഴുകിയ സഹപ്രവർത്തകനെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഓർത്തെടുത്തത്. സൗമ്യതയും സൗഹൃദവും സൂക്ഷിച്ചുതന്നെ രാഷ്ട്രീയവും സംഘടനാപരവുമായ നിലപാടുകളിൽ ഉറച്ചുനിന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

അനുശോചനയോഗങ്ങളിൽ സംസാരിക്കാൻ ആവശ്യമായ നൈപുണ്യം തനിക്കില്ലെന്ന് പറഞ്ഞാണ് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സംസാരിച്ചുതുടങ്ങിയത്. കോടിയേരി പാർട്ടിക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും മുഴുവൻസമയവും അടിസ്ഥാനവർഗത്തിനായി പ്രവർത്തിച്ച നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരിച്ചു.

സ്പീക്കറെമാത്രം നോക്കി പ്രതിപക്ഷത്തിന്റെ നിലപാടുകൾ ശക്തിയുക്തം സംസാരിക്കുന്ന പ്രതിപക്ഷ ഉപനേതാവിനെ കുറിച്ചായിരുന്നു സണ്ണി ജോസഫ് എം.എൽ.എക്ക് പറയാനുണ്ടായിരുന്നത്. കണ്ണൂർ ജന്മംനൽകിയ മഹാന്മാരായ കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയാണ് കോടിയേരിയെന്ന് പറഞ്ഞ് പി.ബി അംഗം ജി. രാമകൃഷ്ണൻ വാക്കുകൾ അവസാനിപ്പിച്ചു. മുന്നണികളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഭാഷയും ശൈലിയും കോടിയേരിക്കുണ്ടായിരുന്നുവെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി അനുസ്മരിച്ചു.

എസ്. രാമചന്ദ്രൻപിള്ള, ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ, തോമസ് ചാഴിക്കാടൻ എം.പി, മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.പി. മോഹനൻ എം.എൽ.എ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, സി.എ. അജീർ, ജോസ് ചെമ്പേരി, ബിനോയ് ജോസഫ്, പ്രഫ. ജോൺ ജോസഫ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - the state in memory of Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.