കൊച്ചി സ്മാർട് സിറ്റിക്ക് പിന്നിലെ ഇടപാടുകൾ അന്വേഷിക്കണമെന്ന് വി.മുരളീധരൻ; ‘പെട്ടിക്കടയെ സര്‍ക്കാര്‍ സംരംഭം എന്ന് അഭിമാനിക്കുന്നവരാണ് നാട് ഭരിക്കുന്നത്’

കൊച്ചി: സ്മാർട് സിറ്റി പദ്ധതിക്ക് പിന്നിൽ നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. വീഴ്ച വരുത്തിയവർക്കെതിരെ നിയമ നടപടി വേണം.റിയല്‍ എസ്റ്റേറ്റ് കമ്പനിയെ ഐ.ടി പാര്‍ക്ക് തുടങ്ങാന്‍ ക്ഷണിച്ച യുഡിഎഫിൽ തുടങ്ങി കരാർ പാലിക്കാത്തവർക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള എൽ.ഡി.എഫ് തീരുമാനം വരെ വലിയ ജനവഞ്ചനയും അഴിമതിയുമാണ് കൊച്ചി സ്മാർട് സിറ്റിക്ക് പിന്നിൽ. പദ്ധതി മുടങ്ങിയാല്‍ ടീകോമിന്റെ ഇതുവരെയുള്ള നിക്ഷേപവും മുടക്കുമുതലും കണ്ടുകെട്ടാമെന്നുള്ള വ്യവസ്ഥയുണ്ട് കരാറില്‍. അത് ചെയ്യാതെ കാശ് അങ്ങോട്ട് കൊടുക്കുകയാണ്. ഏറ്റെടുത്ത പണി പൂർത്തിയാക്കാത്ത വരുമ്പോൾ അങ്ങോട്ട് പണം കൊടുക്കുന്നത് വിചിത്രമെന്നും വി. മുരളീധരൻ പറഞ്ഞു.

ഐ.ടി വ്യവസായത്തിൽ വൈദഗ്ധ്യം ഇല്ല എന്നറിഞ്ഞു തന്നെയാണ് യു.ഡി.എഫും എല്‍.ഡി.എഫും ദുബൈ കമ്പനിയെ പ്രോല്‍സാഹിപ്പിച്ചത്. സാധ്യതാപഠനം നടത്തുകയോ ഡി.പി.ആർ തയാറാക്കുകയോ താൽപര്യപത്രം ക്ഷണിക്കുകയോ ചെയ്തില്ല എന്നത് ദുരൂഹമാണ്.

2011ൽ തുടങ്ങി 2021ൽ പൂർത്തിയാക്കേണ്ട പദ്ധതിയിൽ കാര്യമായ ഒരു പുരോഗതിയും ഇല്ലാതിരുന്നിട്ടും ആരും ഇടപെട്ടില്ലെന്നും മുരളീധരൻ വിമർശിച്ചു.

13- വര്‍ഷം കൊച്ചിയിലെ കണ്ണായ സ്ഥലത്ത് 243 ഏക്കര്‍ ഭൂമി വെറുതെ ഇട്ടവരാണ് സില്‍വര്‍ ലൈനിനായി ഭൂമി വിട്ടുകൊടുക്കാന്‍ ജനങ്ങളോട് പറയുന്നതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിശ്വസിച്ച് ഭൂമി വിട്ടുകൊടുത്താല്‍ അവസാനം എന്ത് സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് കൊച്ചി സ്മാര്ട് സിറ്റി. ആളുകള്‍ ലോണെടുത്ത് പെട്ടിക്കട തുടങ്ങിയതിനെ സര്‍ക്കാര്‍ കൊണ്ടു വന്ന സംരംഭം എന്ന് അഭിമാനിക്കുന്നവര്‍ നാട് ഭരിക്കുമ്പോള്‍ ഇതിലപ്പുറവും നടക്കുമെന്നും മുരളീധരൻ കുറ്റപ്പെടുത്തി. 

Tags:    
News Summary - The transactions behind Kochi Smart City should be investigated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.