മന്ത്രി കെ.രാജൻ നിവേദനം വായിക്കുന്നു.  അട്ടപ്പാടി സുകുമാരനും ആദിവാസികളും സമീപം

അട്ടപ്പാടിയിലെ ആദിവാസികൾ മന്ത്രി കെ. രാജന്‍റെ കാമ്പ് ഓഫിസിലെത്തി നിവേദനം നൽകി

കോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസികൾ റവന്യൂ മന്ത്രി കെ. രാജന്റെ കാമ്പ് ഓഫിസിലെത്തി ഭൂമി കൈയേറ്റം തടയണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. അട്ടപ്പാടിയിൽ ആദിവാസി ഭൂമിക്ക് വ്യാജരേഖകൾ നിർമിച്ച് ഭൂ മാഫിയ സംഘങ്ങളുടെ കൈയേറ്റം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആദിവാസി ഭൂമി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

കൈയേറ്റം നടത്തുന്ന മാഫിയകൾക്കും അവർക്ക് കൂട്ടുനിന്ന് വ്യാജരേഖകൾ നിർമിച്ച് നൽകിയ റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. റവന്യൂ വിജിലൻസ് നൽകിയ റിപ്പോർട്ടുകളിൽ ഭൂമി മാഫിയ സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ശിപാർശ ചെയ്തിട്ടുണ്ട്. റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കൈവശമുണ്ട്. ഇക്കാര്യത്തിൽ റവന്യു വകുപ്പ് നടപടിയെടുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കൺവീനർ ടി.ആർ ചന്ദ്രന്റെ നേതൃത്വത്തിലാണ് അട്ടപ്പാടിയിൽ നിന്ന് ആദിവാസികൾ മന്ത്രി കെ. രാജനെ നേരിൽ കണ്ട് നിവേദനം നൽകിയത്. എ.ഐ.കെ.കെ.എസ് സംസ്ഥാന പ്രസിഡന്റ്‌ എം. സുകുമാരൻ അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് മന്ത്രിയോട് വിശദീകരിച്ചു.



ടി.ആർ. ചന്ദ്രൻ മന്ത്രിക്ക് നിവേദനം നൽകുന്നു 

നിവേദനം വായിച്ച  മന്ത്രി കെ. രാജൻ പാലക്കാട്‌ കലക്ടറെ ഫോണിൽ വിളിച്ച് അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തിനെതിരെ  ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി. കലക്ടറെ നേരിൽ കണ്ട് ഭൂമി കൈയേറ്റ വിഷയം റിപ്പോർട്ട് ചെയ്യണമെന്ന് ടി.ആർ ചന്ദ്രനോട് മന്ത്രി പറഞ്ഞു. വിഷയം മനസിലാക്കുന്നതിന് അട്ടപ്പാടിയിൽ മന്ത്രി പ്രത്യേക സിറ്റിങ് നടത്താമെന്നും ആദിവാസികൾക്ക് ഉറപ്പ് നൽകിയതായി ടി.ആർ. ചന്ദ്രൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.

പുത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടക്കുന്ന ഔദ്യോഗിക പരിപാടിക്കിടെയാണ് കാമ്പ് ഓഫിസിലെത്തി അട്ടപ്പാടിയിലെ ആദിവാസികളെ മന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ കേട്ടത്. ചിത്രവേണി ഭൂതിവഴി, ശിവദാസ് പോത്തുപ്പാടി, മണി ചിണ്ടക്കി, മണിയമ്മ, നഞ്ചി, വഞ്ചി, രാമി ചീരക്കടവ്, ശിവൻ ദൊഡുകെട്ടി, പഴനി സ്വാമി കാവുണ്ടിക്കൽ തുടങ്ങിയവരടങ്ങിയ സംഘമാണ് മന്ത്രിയെ കണ്ടത്. അട്ടപ്പാടിയിൽ നിന്നുമെത്തിയ പ്രതിനിധി സംഘത്തിനൊപ്പം സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ തൃശൂർ ജില്ല സെക്രട്ടറി എൻ.ഡി. വേണു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് അപ്പാട്ട്, കെ. ശിവരാമൻ എന്നിവരുമുണ്ടായിരുന്നു.

Tags:    
News Summary - The tribals of Attapadi came to the camp office of Minister K. Rajan and submitted a petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.