കഴിഞ്ഞ മാസത്തിെൻറ തുടക്കത്തിലെ ഒരു ദിവസം. രാവിലെ സുൽത്താൻ ബത്തേരിയിൽ നിന്നു പുൽപള്ളിക്കുപോകുന്ന കാർ യാത്രക്കാർ. പച്ചപ്പ് നിറഞ്ഞ പ്രകൃതി സൗന്ദര്യം ആസ്വദിച്ചായിരുന്നു യാത്ര. ചെതലയം കഴിഞ്ഞ് പാമ്പ്ര ഭാഗത്തെത്തിയപ്പോൾ യാത്രക്കാർ ഒന്നു ഞെട്ടി. ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള കടുവ റോഡരികിൽ കൺമുന്നിൽ നിൽക്കുന്നു. കാറിെൻറ വേഗത കുറച്ച് യാത്രക്കാർ മൊബൈലിൽ ചിത്രം പകർത്തി. നിശ്ചലനായി നിന്ന കടുവ പെട്ടെന്ന് ഇരുന്നായി നോട്ടം. ഫോട്ടോക്ക് പോസ് ചെയ്യുന്ന പോലെ. അന്ന് കാർ യാത്രക്കാർ പകർത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞ ആഗസ്റ്റ് 20ന് ഇതേ പാമ്പ്ര വനമേഖലയിൽ നിന്നുതന്നെയാണ് ബൈക്ക് യാത്രക്കാരി കടുവയുടെ മുന്നിൽപെട്ടതും. സുൽത്താൻ ബത്തേരിയിലെ ബാങ്ക് ജീവനക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി വൈകീട്ട് ആറരയോടെയാണ് സംഭവം. ഈ സമയം മറ്റ് വാഹനങ്ങൾ എത്തിയതിനാൽ യാത്രക്കാരി രക്ഷപ്പെടുകയായിരുന്നു. വടക്കനാട് പച്ചാടിയിൽ വാഹന യാത്രികരുടെ മുന്നിലൂടെ കടുവ റോഡ് മുറിച്ചുകടന്നത് ഇതിനു രണ്ടുമാസം മുമ്പാണ്. 2019 ഡിസംബർ 24ന് പച്ചാടിയിൽ ആദിവാസി വയോധികനെ കടുവ കൊന്നിരുന്നു. പച്ചാടി വനത്തിൽ വിറക് ശേഖരിക്കാൻ പോയ ജഡയൻ ആയിരുന്നു കടുവയുടെ മുന്നിൽപെട്ടത്. നാട്ടുകാരുടെ തിരച്ചിലിനൊടുവിൽ കുറിച്ചാട് റേഞ്ചിലെ നാലാംമൈൽ ഭാഗത്തുനിന്നാണ് ജഡയെൻറ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ശരീരത്തിെൻറ പല ഭാഗവും കടുവ ഭക്ഷിച്ചിരുന്നു.
ഈ സംഭവം നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞ മാസം 11ന് കടുവയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് ജീവൻ തിരിച്ചുകിട്ടിയ വാകേരി മാരമല കാട്ടുനായ്ക്ക കോളനിയിലെ വിപിന് (21) ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. പാമ്പ്ര വനത്തോട് ചേർന്നു കിടക്കുന്ന തോട്ടിൽ കുളിക്കാൻ പോയപ്പോൾ കടുവ ആക്രമിക്കുകയായിരുന്നു. കഴുത്തിനും മുതുകിനുമാണ് വിപിന് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന മഹേന്ദ്രൻ ബഹളമുണ്ടാക്കിയതോടെയാണ് കടുവ കാട്ടിലേക്ക് മറഞ്ഞത്. രണ്ടുമാസം മുമ്പ് പാമ്പ്ര മേഖലയിൽ നിന്നും രണ്ട് വനം വകുപ്പ് ജീവനക്കാർക്ക് കടുവയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ചാണ് ജീവൻ തിരിച്ചുകിട്ടിയത്. കതവകുന്നിൽ ഒരാളെ കൊന്ന കടുവയെ നീരീക്ഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം.
ചീയമ്പത്ത് ഒരു മാസത്തോളം ഭീതിപരത്തിയ കടുവയെ ഞായറാഴ്ചയാണ് വനം വകുപ്പ് കൂടുവെച്ച് പിടിച്ചത്. 19 ദിവസത്തോളം കൂടുമായി കടുവയെ കാത്തിരുന്നു. കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുക്കുമ്പോൾ വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരിച്ചത് 46 പേരാണ്. ഇതിൽ അഞ്ചുപേരെയാണ് കടുവ കൊന്നത്. 2012 ൽ മൂലങ്കാവ്, ഓടപ്പള്ളം, നായ്ക്കട്ടി ഭാഗങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ വനം വകുപ്പ് അന്ന് വെടിവെച്ച് കൊല്ലുകയാണുണ്ടായത്. മനുഷ്യജീവന് അപകടകരമായ സാഹചര്യമാണെന്ന് ബോധ്യം വന്നതിന് ശേഷമാണ് തേലംപറ്റയിൽവെച്ച് അന്ന് കടുവയെ കൊന്നത്. അതിനുശേഷം 2015ൽ തേലംപറ്റയിൽ നിന്നും നാല് കിലോമീറ്റർ മാറി ഓടപ്പള്ളത്തുനിന്നും കടുവയെ കൂടുവെച്ച് പിടികൂടി. ചില പ്രദേശങ്ങളിൽ കടുവകൾ തുടർച്ചയായി എത്തുന്നുവെന്നതാണ് ഇത് തെളിയിക്കുന്നത്. 2017 സെപ്റ്റംബറിൽ ചീരാൽ മേഖലയിൽ കടുവ ഭീതിവിതക്കുകയുണ്ടായി. വളർത്തു മൃഗങ്ങളെ കൊന്ന് കടുവ സാന്നിധ്യമറിയിച്ചതോടെ കടുവക്കായുള്ള തിരച്ചിൽ ഊർജിതമായി നടന്നു. അക്കാലത്ത് ചീരാൽ സ്കൂളിന് അവധിവരെ കൊടുത്തിരുന്നു.
പഴൂർ, ആശാരിപ്പടി, വെല്ലത്തൂർ, മുണ്ടക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ജനം പുറത്തിറങ്ങാൻ മടിക്കുന്ന സാഹചര്യമായിരുന്നു. അതിനുശേഷവും ഈ മേഖലയിൽ കടുവയെത്തി. ഇടവേളക്കുശേഷം പത്തുദിവസം മുമ്പും ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. മുണ്ടക്കൊല്ലിയിൽ വ്യത്യസ്ത നേരങ്ങളിൽ രണ്ട് പശുക്കളെയാണ് കൊന്നത്. കടുവ ഏത് സമയവും പ്രത്യക്ഷപ്പെടാമെന്ന പേടിയിലാണ് ചീരാൽ മേഖല ഇപ്പോഴുമുള്ളത്. നെന്മേനി പഞ്ചായത്തിലെ മറ്റൊരു ഭാഗമായ മടക്കരയിലും രണ്ടുമാസം മുമ്പ് കടുവ എത്തിയിരുന്നു. വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ കണ്ടെത്താനായില്ല. ഇവിടെ നിന്നും മൂന്ന് കിലോമീറ്റർ മാറി കുറുക്കൻകുന്നിലും വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരിക്കടുത്ത കടമാൻചിറക്കുന്ന്, പഴേരി, കട്ടയാട് എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞ ഏതാനും മാസങ്ങളായി കടുവ സാന്നിധ്യമുണ്ട്. ബീനാച്ചി സ്കൂൾകുന്ന്, പൂതിക്കാട്, മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരിക്കടുത്ത് ജൂബിലി കവല എന്നിവിടങ്ങളിലൊക്കെ ഏതാനും ദിവസം മുമ്പ് കടുവ എത്തിയിരുന്നുവെന്നതിന് തെളിവുകൾ പുറത്തുവരുകയുണ്ടായി. ബീനാച്ചിയിലെ മധ്യപ്രദേശ് സർക്കാർ തോട്ടത്തിൽ കടുവയുണ്ടെന്ന നിഗമനത്തിലാണ് നാട്ടുകാർ. വനം പോലെയാണ് ഈ തോട്ടം കിടക്കുന്നത്. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.