തിരുവനന്തപുരം: വോട്ട് മറിക്കൽ വിവാദത്തിൽപെട്ട ബി.ജെ.പിയിലെ പ്രതിസന്ധി രൂക്ഷമാക്കി ഫണ്ട് തിരിമറി ആരോപണവും. പത്തോളം സീറ്റിൽ ജയിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് കേന്ദ്രത്തിൽനിന്ന് കൂടുതൽ ഫണ്ട് വാങ്ങിയ സംസ്ഥാന നേതൃത്വം അത് കൃത്യമായി െചലവാക്കിയില്ലെന്നാണ് ആക്ഷേപം.
ഘടകകക്ഷികൾ മത്സരിച്ച പല മണ്ഡലങ്ങളിലും ഒരു സഹായവും ലഭ്യമാക്കിയില്ലത്രെ. ഒരു ഗ്രൂപ്പിെൻറ ഭാഗമായി മാത്രം പ്രവർത്തിക്കുന്ന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ നേതൃത്വത്തിൽ പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് വിമതപക്ഷം പറയുന്നു.
ഇഷ്ടക്കാർക്ക് ജയസാധ്യതയുള്ള സീറ്റും ഫണ്ടും ലഭ്യമാക്കിയതല്ലാതെ മറ്റിടങ്ങളിൽ കാര്യമായ പ്രവർത്തനം നേതൃത്വം നടത്തിയില്ലെന്നാണ് ആക്ഷേപം. ഏക സിറ്റിങ് മണ്ഡലമായ നേമത്ത് പോലും ശ്രദ്ധയുണ്ടായില്ല. സ്വാധീനമുള്ള പല കോർപറേഷൻ വാർഡുകളിലും ശരിയായ പ്രവർത്തനം നടന്നില്ല. അഭ്യർഥനപോലും പല വീടുകളിലും എത്തിച്ചില്ല. വോട്ട് ചോർച്ചക്ക് കാരണം ഇതാണെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വരെ ചില മുതിർന്ന നേതാക്കൾ നിരന്തരമായി പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയിട്ടും തടയിടാനോ നിയന്ത്രിക്കാനോ നേതൃത്വത്തിന് കഴിഞ്ഞില്ല.
ജയസാധ്യതയുള്ള മണ്ഡലങ്ങൾ കൂട്ടിക്കാണിച്ച് എ ഗ്രേഡ് മണ്ഡലങ്ങളെന്ന പേരിൽ കേന്ദ്രത്തിൽനിന്ന് കൂടുതൽ ഫണ്ട് വാങ്ങി കബളിപ്പിക്കുകയാണ് നേതൃത്വം ചെയ്തതെന്നും പറയുന്നു. സി.കെ. ജാനു മത്സരിച്ച സുൽത്താൻ ബത്തേരിയിലുൾപ്പെടെ ഫണ്ട് തിരിമറിയുണ്ടായി. അതിന് പുറമെയാണ് കുഴൽപ്പണ വിവാദം.
ഒാരോ മണ്ഡലത്തിലും പ്രചാരണത്തിന് െചലവാക്കേണ്ട പണത്തിെൻറ നല്ലൊരു അംശം ഹെലികോപ്റ്റർ യാത്രക്കുൾപ്പെടെ വിനിയോഗിച്ചു. പാർട്ടിയെ ഒന്നായി മുന്നോട്ട് കൊണ്ടുപോകാൻ സുരേന്ദ്രന് സാധിക്കുന്നില്ല. അദ്ദേഹം രണ്ടിടത്ത് മത്സരിച്ചതാണ് പാർട്ടിയുടെ ദയനീയ തോൽവിക്ക് കാരണമെന്നും മുതിർന്ന നേതാക്കൾ ഉൾപ്പെടെ പറയുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിസന്നദ്ധത പ്രകടിപ്പിച്ച സുരേന്ദ്രനാകെട്ട താൻ കേന്ദ്ര നേതൃത്വത്തിെൻറ നിർദേശങ്ങൾക്കനുസരിച്ചേ പ്രവർത്തിച്ചിട്ടുള്ളൂ എന്ന് ആവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.