കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിക്ക് താഴെ മതിയെന്ന് മേൽനോട്ട സമിതി. സമീപകാല കാലാവസ്ഥാ വ്യതിയാനങ്ങളും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പും ഡാമിന്‍റെ കാലപ്പഴക്കവും പരിഗണിച്ചാണ് മേൽനോട്ട സമിതിയുടെ തീരുമാനം. ഇടുക്കി ജലസംഭരണിയുടെ 90 ശതമാനവും നിറഞ്ഞെന്നും മുല്ലപ്പെരിയാർ തുറന്നാൽ വെള്ളം ഉൾക്കൊള്ളാനാവില്ലെന്നും മേൽനോട്ട സമിതി വിലയിരുത്തി. മേൽനോട്ട സമിതിയുടെ തീരുമാനം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.
അതേസമയം, രാവിലെ ഏഴിന് രേഖപ്പെടുത്തിയത് കണക്ക് പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയാണ്. സെക്കൻഡിൽ 2300 ഘനയടി ജലമാണ് വൃഷ്ടിപ്രദേശത്ത് നിന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് സെക്കൻഡിൽ 2300 ഘനയടി ജലമാണ് വൈഗ ഡാമിലേക്ക് കൊണ്ടു പോകുന്നത്.
മുല്ലപ്പരിയാർ അണക്കെട്ടിലെ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കാൻ സുപ്രീംകോടതി മേൽനോട്ട സമിതിയോട് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതുപ്രകാരം ചൊവ്വാഴ്ച മേൽനോട്ട സമിതി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് താഴെ നിർത്തണമെന്നാണ് കേരളം മേൽനോട്ട സമിതി യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ, 138 അടിക്ക് മുകളിലേക്ക് ഉയർത്താതെ ജലനിരപ്പ് ക്രമീകരിക്കണമെന്നാണ് തമിഴ്നാട് വാദിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ്, അഡീ. ചീഫ് സെക്രട്ടറി (പി.ഡബ്ല്യു.ഡി, തമിഴ്നാട് പ്രതിനിധി) സന്ദീപ് സക്സേന, കേന്ദ്ര ജല കമീഷന് അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
ജലനിരപ്പ് സംബന്ധിച്ച് കേരള, തമിഴ്നാട് സംസ്ഥാനങ്ങൾ തമ്മിൽ ചർച്ചകൾക്ക് തയാറാകണമെന്ന് ജസ്റ്റിസ് എം.എം. ഖൻവീൽകർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ വിഷയം ചർച്ച ചെയ്യണം. കൃത്യസമയത്ത് ചർച്ച നടക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. അങ്ങനെ ചർച്ച ചെയ്ത് തീരുമാനമെടുത്താൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.