അരിക്കൊമ്പനെ കണ്ടെത്തി; കാട്ടാനയുള്ളത് ശങ്കരപാണ്ഡ്യമേട്ടിൽ

ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാൽ മേഖലയിൽ നിരന്തരം നാശനഷ്ടങ്ങളുണ്ടാക്കുന്ന അരിക്കൊമ്പൻ കാട്ടാനയെ കണ്ടെത്തി. രാവിലെ മുതൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ആനയിറങ്കൽ അണക്കെട്ടിന് മുകൾഭാഗത്തുള്ള ശങ്കരപാണ്ഡ്യമേട് ഭാഗത്ത് ആനയെ കണ്ടെത്തിയത്.

സ്വകാര്യ തേയില തോട്ടത്തിന് സമീപമുള്ള ചോലക്കാട്ടിനുള്ളിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. ശങ്കരപാണ്ഡ്യമേട്ടിലെ പ്രദേശവാസികളാണ് ഈ മേഖലയിൽ അരിക്കൊമ്പനുണ്ടെന്ന വിവരം വനം വകുപ്പ് സംഘത്തെ അറിയിച്ചത്. തുടർന്ന് സംഘം സ്ഥലത്തെത്തി അരിക്കൊമ്പൻ ആണെന്ന് സ്ഥിരീകരിച്ചു.

ശങ്കരപാണ്ഡ്യമേട്ടിൽ നിന്ന് ആനയെ ഓടിച്ച് ആനയിറങ്കൽ അണക്കെട്ട് കടത്തി ദൗത്യ മേഖലയായ 301 കോളനിക്ക് സമീപമോ സിമന്‍റ് പാലം ഭാഗത്തേക്കോ എത്തിക്കേണ്ടതുണ്ട്. എന്നാൽ, മാത്രമേ ആനയെ പിടികൂടാൻ സാധിക്കുകയുള്ളൂ.

ഇന്നു പുലർച്ചെ നാലരയോടെയാണ് വനംവകുപ്പ് അരിക്കൊമ്പൻ ദൗത്യത്തിന് തുടക്കം കുറിച്ചത്. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനായി ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേതുടർന്ന് ആനയെ പിടികൂടിയാൽ ധരിപ്പിക്കാനുള്ള ജി.പി.എസ് കോളർ ബേസ് ക്യാമ്പിൽ തിരികെയെത്തിച്ചിരുന്നു.

വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുത്തത്.

ആനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പനുണ്ടെന്നായിരുന്നു തുടക്കത്തിലെ നിഗമനം. എന്നാൽ, ഇത് ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന ആനയാണെന്ന് പിന്നീട് വ്യക്തമായി. ഇതോടെ അരിക്കൊമ്പന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും തുടർന്നെങ്കിലും സമയം നീണ്ടുപോയതോടെ ഇന്നത്തെ ദൗത്യം ഉച്ചയോടെ അവസാനിപ്പിച്ചിരുന്നു.

Tags:    
News Summary - The wild elephant arikomban was found; The forest is in Shankarapandyamet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.