"ഞാൻ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്"; രാത്രിയിൽ സ്‌റ്റേഷനിലേക്ക് വന്ന വീട്ടമ്മയുടെ ഫോണ്‍കോള്‍ പൊലീസിന്റെ ഉറക്കം കെടുത്തി

നെടുങ്കണ്ടം: ആത്മഹത്യ ഭീഷണി മുഴക്കി സ്‌റ്റേഷനിലേക്കെത്തിയ വീട്ടമ്മയുടെ ഫോണ്‍കോള്‍ മൂന്നുമണിക്കുറോളം പൊലീസിനെയും ബന്ധുക്കളെയും നാട്ടുകാരെയും വട്ടം കറക്കി.

ചൊവ്വാഴ്ച രാത്രി എട്ടിന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്കാണ് ഫോണ്‍കോള്‍ എത്തിയത്. ഫോണ്‍ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ച ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അവസാന ലൊക്കേഷന്‍ കല്ലാര്‍ ഡാമിന്റെ പരിസരത്താണെന്ന് കണ്ടെത്തി.

തുടര്‍ന്ന് നെടുങ്കണ്ടം എസ്.ഐ ടി.എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കെ.എസ്.ഇ.ബി സെക്യൂരിറ്റി ഉദ്യോഗസ്ഥരും കല്ലാര്‍ ഡാമിലും ഡാം ഷട്ടറിന്റെ ഭാഗത്തും മുമ്പ് ആളുകള്‍ മുങ്ങി മരിച്ചിട്ടുള്ള മേഖലകളിലും പരിസരപ്രദേശങ്ങളിലും രാത്രിയില്‍ പരിശോധന നടത്തി. ഒരു സംഘമാളുകള്‍ മന്നാകുടി ടണല്‍ മുഖത്തും പരിശോധന നടത്തി.

ഇതിനിടയില്‍ ടൗണുകളിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും യുവതി പോകാന്‍ സാധ്യതയുള്ള ഇടങ്ങളിലും വ്യാപക അന്വേഷണം നടത്തി. ഇതിനിടെ പൊലീന്റെ നേതൃത്യത്തിലുള്ള ഒരു സംഘം കല്ലാര്‍, താന്നിമൂട് മുണ്ടിയെരുമ, തൂക്കുപാലം മേഖലകളിലും പരിശോധന നടത്തി. തൂക്കുപാലം ഭാഗത്തേക്കുള്ള പരിശോധനക്കിടയില്‍ രാത്രി പതിനൊന്നോടുകൂടി മുണ്ടിയിരുമയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞമാസം യുവതിയുടെ അയല്‍വാസിയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയും യുവതി റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ചിരുന്നു. കുട്ടികളെ വിട്ടു നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതും വിട്ടുനല്‍കില്ലന്ന് ഭര്‍ത്താവ് അറിയിച്ചതും ഇവരെ മാനസികമായി വിഷമത്തിലാക്കിയിരുന്നു. ഇതാകാം ആത്മഹത്യ ഭീഷണിക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പൊലീസ് യുവതിയെ അവരുടെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.

Tags:    
News Summary - The woman threatened to commit suicide by calling the police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.