കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു; ഭർത്താവ് അറസ്റ്റിൽ

ഒറ്റപ്പാലം: വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനിശ്ശേരി കരുവാൻപറമ്പിൽ സുബിതക്ക് (24) വെട്ടേറ്റ സംഭവത്തിലാണ് ഭർത്താവ് സൗത്ത് പനമണ്ണ തെക്കത്ത്പറമ്പിൽ രഞ്ജിത്ത് (33) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 11ഓടെ തോട്ടക്കരയിലെ കുടുംബകോടതിയിലാണ് സംഭവം.

രഞ്ജിത്തുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ കൗൺസലിങ് നടന്നിരുന്നു. ഇതിനുശേഷം പുറത്തിറങ്ങി കാത്തുനിന്ന രഞ്ജിത്ത് സുബിതയുമായി വാക്കേറ്റമുണ്ടായി. തുടർന്ന് സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന മടവാൾ എടുത്ത് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം രഞ്ജിത്ത് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ഒരു മാസത്തോളമായി മീറ്റ്ന സ്വദേശിയുമൊത്താണ് സുബിതയുടെ താമസം. ഒറ്റപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേയുണ്ടായ അടുപ്പമാണ് ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം താമസിക്കാൻ ഇടയായതെന്നും ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും രഞ്ജിത്ത് അറിയിച്ചതായി പൊലീസ് പറഞ്ഞു.

സുബിതയുടെ വലത് കൈയിലെ നടുവിരലിനും ഇടത് കൈയിലെ ചെറുവിരലിനുമാണ് വെട്ടേറ്റത്. യുവതിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രഞ്ജിത്തിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Tags:    
News Summary - The woman was attack when she went to the family court; Husband arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.