നെടുമങ്ങാട്: നെടുമങ്ങാട് ടൗണിൽ പ്രവർത്തിക്കുന്ന അമൃത ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മുഖ്യ പ്രതിയോടൊപ്പം പ്രായപൂർത്തിയാകാത്ത മൂന്ന് പേരുമാണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.
കൊല്ലം ചവറ നഹാബ് മൻസിലിൽ നജീബ് (28), കരിമഠം കോളനിയിലെ പ്രായപൂർത്തിയാകാത്ത രണ്ടുപേരും നെടുമങ്ങാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്.
ജനുവരി 27ന് വെളുപ്പിനാണ് ജ്വല്ലറിയിൽനിന്ന് 22 പവൻ സ്വർണവും ഒരു ലക്ഷം രൂപ വില വരുന്ന വെള്ളി ആഭരണങ്ങളും മോഷണം പോയത്. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. നജീബ് രണ്ടു മാസമായി കരിമഠം കോളനിയിലെ ഫ്ലാറ്റ് വാടകക്ക് എടുത്ത് താമസിച്ച് കോഴി വേസ്റ്റ് എടുക്കുന്ന ജോലി നടത്തുകയായിരുന്നു.
ഇതിന്റെ മറവിൽ നെടുമങ്ങാട്, ആറ്റിങ്ങൽ, ബാലരാമപുരം ഭാഗങ്ങളിൽ സഞ്ചരിച്ച് കടകൾ നോക്കി മനസ്സിലാക്കിയശേഷമാണ് നെടുമങ്ങാട് ടൗണിലെ അമൃത ജ്വല്ലറി തെരഞ്ഞെടുത്തത്. സഹായത്തിനു വേണ്ടിയാണ് കുട്ടികളെ കൂടെ കൂട്ടിയത്.
മോഷണശേഷം കിട്ടിയ സ്വർണവും വെള്ളിയാഭരണങ്ങളും ചാലയിലെ വിവിധ ജ്വല്ലറികളിൽ വിൽപന നടത്തി.
നെടുമങ്ങാട് ഡി.വൈ.എസ്.പി ബി. ഗോപകുമാർ, ഇൻസ്പെക്ടർ ബി. അനീഷ്, സബ് ഇൻസ്പെക്ടർ മുഹ്സിൻ, ഡാൻസാഫ് സബ് ഇൻസ്പെക്ടർ ഡി. ഷാലു, ഷിബു, സജു, എസ്.സി.പി.ഒമാരായ സതികുമാർ, ഉമേഷ്ബാബു, അനൂപ് എന്നിവരാണ് അന്വഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.