തളിപ്പറമ്പ്: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടിയ പൊലീസുകാരനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഇ.എൻ. ശ്രീകാന്തിനെയാണ് സർവിസിൽനിന്ന് നീക്കിയത്. അര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ.
എ.ടി.എം കാർഡ് മോഷ്ടിച്ച കേസിൽ പുളിമ്പറമ്പിലെ ടി.പി. ഗോകുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന് സഹോദരിയുടെ എ.ടി.എം കാർഡും പൊലീസ് കണ്ടെടുത്തു. ഈ കാർഡാണ് ശ്രീകാന്ത് കൈക്കലാക്കിയത്. അന്വേഷണത്തിനാണെന്ന് പറഞ്ഞ് ഗോകുലിെൻറ സഹോദരിയിൽനിന്ന് പിൻ നമ്പർ കരസ്ഥമാക്കി 9500 രൂപ പിൻവലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങൾ വാങ്ങിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
പണം നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ കാർഡ് ഉടമ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ശ്രീകാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാർ ഹൈകോടതിയെ സമീപിച്ച് കേസ് പിൻവലിച്ചു. എന്നാൽ, ശ്രീകാന്തിനെതിരെ കടുത്ത നടപടിയെടുക്കാൻ വകുപ്പുതലത്തിൽ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.