കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ പലവ്യഞ്ജനക്കടയിൽനിന്ന് പണം മോഷണംപോയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നാഗോവ് സ്വദേശി ജൈബൂർ റഹ്മാനെയാണ് (26) കരുവാരകുണ്ട് എസ്.ഐ കെ.എസ്. സുബിന്ദ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 21ന് പുലർച്ചെ ഇരിങ്ങാട്ടിരി ടൗണിലെ പി.ടി. അക്ബറലിയുടെ കടയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 1.61 ലക്ഷം രൂപയാണ് പ്രതി മോഷ്ടിച്ചത്.
കടയുടെ സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇയാൾ ഈ കടയിൽനിന്ന് സ്ഥിരമായി സാധനങ്ങൾ വാങ്ങിയിരുന്നു. വ്യക്തമായ ആസൂത്രണത്തോടെയാണ് കവർച്ചയെന്ന് പൊലീസ് പറഞ്ഞു. മോഷണം നടന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ഇവിടെ നിന്ന് താമസം മാറ്റി. ഷട്ടറിന്റെ ഒരു ഭാഗം ഉയർത്തി വിദഗ്ധമായി കടക്കകത്ത് കയറിയാണ് മോഷണം നടത്തിയത്. സി.സി.ടി.വി കേന്ദീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.
ദിവസങ്ങൾക്ക് ശേഷം മുക്കത്തെ വാടകവീട്ടിൽനിന്നാണ് ഇയാൾ പിടിയിലാകുന്നത്. മഞ്ചേരി കോടതി പ്രതിയെ റിമാൻഡ് ചെയ്തു. എസ്.സി.പി.ഒമാരായ രാരിഷ്, സുരേഷ്ബാബു, ബിനീഷ്, സി.പി.ഒമാരായ ഫാസിൽ, ബിജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.